കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ദുരന്തനിവാരണ സേനയെത്തി. മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ ദേവികുളം റോഡിലെ മണ്ണ് നീക്കം ചെയ്ത് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തനിവാരണ സേന നേതൃത്വം നല്‍കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേവികുളം മേഖലയിലേക്കുള്ള ടെലിഫോണ്‍ ബന്ധം നിലച്ച സാഹചര്യമായിരുന്നു. ആലപ്പുഴയില്‍നിന്നുള്ള 25 അംഗ സംഘമാണ് മൂന്നാറിലെത്തി ക്യാമ്പ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മണ്ണിടിച്ചിലുണ്ടാകുകയും മഴ തുടര്‍ന്നാല്‍ പലയിടങ്ങളിലും മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എന്‍ ഡി ആര്‍ എഫ് സംഘത്തെ നിയോഗിച്ചത്.