മലപ്പുറം: നഗരസഭാ പ്രദേശത്തെ   കോവിഡ് വ്യാപന നിര്‍ണയം നടത്തുന്നതിന് നഗരത്തിലുടനീളം പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന കോവിഡ് ആന്റിജെന്‍ ടെസ്റ്റ് യൂണിറ്റിന് നഗരസഭയില്‍ തുടക്കമായി. നഗരസഭയിലെ വിവിധ വാര്‍ഡുകളിലും പൊതുകേന്ദ്രങ്ങളിലും സഞ്ചരിച്ച് ആന്റിജെന്‍ ടെസ്റ്റുകള്‍ നടത്തുന്നതാണ് സഞ്ചരിക്കുന്ന ടെസ്റ്റ് യൂണിറ്റ്.

താലൂക്ക് ആശുപത്രി, പൊലീസ്, ട്രോമാകെയര്‍ വളന്റിയര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നഗരസഭ സഞ്ചരിക്കുന്ന ടെസ്റ്റിങ് യൂണിറ്റിന് തുടക്കമായത്. ആദ്യ ദിവസം ബസ് സ്റ്റാന്‍ഡ് പരിസരം, കൊല്ലപ്പടി, കുണ്ടുകടവ് ജംങ്ഷന്‍ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന. ഇത്തരത്തില്‍ 103 പേരെ ടെസ്റ്റിന് വിധേയരാക്കി, അതില്‍ രണ്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ചന്തപ്പടി ശാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും ആര്‍.ആര്‍.ടി പ്രവര്‍ത്തര്‍ക്കുമായി പരിശോധന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. പൊന്നാനി നഗരസഭയുടെ മൊബൈല്‍ കോവിഡ് ടെസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം  നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ ഡോക്ടര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.