ജില്ലയിൽ സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാർ ഉൾപ്പെടെ പൊതുജനങ്ങളുമായി ഇടപഴകുന്നവർ നിർബന്ധമായും രണ്ട് മാസത്തിലൊരിക്കൽ ആർടിപിസിആർ/ ആന്റിജൻ പരിശോധന നടത്തണം. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കോറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മറ്റ് പ്രധാന നിർദേശങ്ങൾ:
സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ അധ്യാപകർക്ക് പുറമെ അവശ്യ സർവീസിലുൾപ്പെടാത്ത ജില്ലയിലെ ഗസറ്റഡ് റാങ്കിലുള്ള ജീവനക്കാരെയും സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിക്കും. 15 ദിവസം എന്ന റൊട്ടേഷൻ രീതിയിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ക്രമീകരിക്കും. 71 സെക്ടറൽ മജിസ്‌ട്രേട്ടുമാരെ ജില്ലയിൽ നിയോഗിക്കും. സബ് ഡിവിഷണൽ മജിസ്‌ട്രേട്ടുമാർ ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡാറ്റ എൻട്രി ജോലികൾക്കായി അവശ്യ സർവ്വീസിലുൾപ്പെടാത്ത സർക്കാർ ജീവനക്കാരുടെ സേവനം കൂടി ഉപയോഗിക്കും. കൂടുതൽ ലാബ് ടെക്നീഷ്യന്മാരെ നിയമിക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കും.
ജില്ലയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉദ്ഘാടന പരിപാടികൾ ഉൾപ്പെടെയുള്ള പൊതു പരിപാടികൾ നടത്താൻ അനുമതിയില്ല. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പോലീസ് കർശന നടപടി സ്വീകരിക്കും.
രോഗ സ്ഥിരീകരണ നിരക്കിൽ തുടർച്ചയായി 22 തദ്ദേശ സ്ഥാപനങ്ങളാണ് ഡി, സി വിഭാഗങ്ങളിൽ തുടരുന്നത്. ഇവയിൽ നിയന്ത്രണം കർശനമാക്കും.
ഡി കാറ്റഗറി ഒഴികെയുള്ള വിഭാഗങ്ങളിൽ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടാക്സ് പ്രാക്ടീഷൻസ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
ഡി കാറ്റഗറിയിൽ അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി.
യോഗത്തിൽ എ ഡി എം എകെ രമേന്ദ്രൻ, എഎസ്പി ഹരിശ്ചന്ദ്ര നായിക്, ഡിഎംഒ (ഹെൽത്ത്) ഡോ. കെആർ രാജൻ, ഫിനാൻസ് ഓഫീസർ കെ സതീശൻ, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.