കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ ഡി കാറ്റഗറിയിൽ അജാനൂർ, മധൂർ ഗ്രാമപഞ്ചായത്തുകൾ. നിയന്ത്രണം ആരംഭിച്ച ജൂൺ 17 മുതൽ ജൂലൈ 29 വരെയുള്ള കണക്കുകൾ പ്രകാരം അഞ്ച് തവണയാണ് അജാനൂരും മധൂരും ഡി കാറ്റഗറിയിൽ ഉൾപ്പെട്ടത്.
ജൂലൈ 29 മുതൽ അജാനൂർ ഡി കാറ്റഗറിയിൽ തന്നെയാണ്. മധൂർ സി കാറ്റഗറിയിലും. ബേഡഡുക്ക, ചെങ്കള, മടിക്കൈ, പിലിക്കോട് പഞ്ചായത്തുകൾ നാല് തവണ ഡി വിഭാഗത്തിലായിരുന്നു. ഇതിൽ ചെങ്കള മാത്രമാണ് ഈ ആഴ്ച സി കാറ്റഗറിയിലേക്ക് മാറിയത്. മറ്റ് മൂന്ന് പഞ്ചായത്തുകളും ഡി യിൽ തന്നെ തുടരുകയാണ്.
ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ ഡി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടില്ല. ബെള്ളൂർ, ഈസ്റ്റ് എളേരി, കാസർകോട് മുൻസിപ്പാലിറ്റി, കുംബഡാജെ, മീഞ്ച, പടന്ന, പൈവളിഗെ, പുത്തിഗെ, വലിയപറമ്പ, വോർക്കാടി എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയോട് അകലം പാലിച്ച് നിൽക്കുന്നത്. ഇതുവരെ സി വിഭാഗത്തിൽ പോലും ഉൾപ്പെടാതെ കോവിഡിനെ നിയന്ത്രണ വിധേയമാക്കിയ തദ്ദേശ സ്ഥാപനങ്ങളാണ് ബെള്ളൂർ പഞ്ചായത്തും കാസർകോട് നഗരസഭയും.