5001 രൂപയുടെ കിറ്റിന് 40% ഇളവ്

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ പ്രതി സന്ധികൾക്കിടയിലും
ആകർഷമായ വിലയിളവുകളോടെ ഓണം ഖാദി മേളയ്ക്ക് ചെറൂട്ടി റോഡിലെ ഖാദി ഷോറൂമിൽ തുടക്കമായി. 5001 രൂപയുടെ കിറ്റ് 40 ശതമാനം ഡിസ്കൗണ്ടിൽ ലഭിക്കും. സാധാരണയുള്ള 30 ശതമാനം ഇളവിന് പുറമെ കോവിഡ് പാക്കേജിന്റെ ഭാഗമായുളള 10 ശതമാനം സൗജന്യം കൂടി ചേർത്താണ് ഈ സഹായ വില.
കുപ്പടം (മുണ്ട് ), കളർ കുപ്പടം, കളർ ദോത്തി, ടവൽ, തോർത്ത് , ആർഎംഎസ്, കളർ ഷർട്ടിംഗ് , ചുരിദാർ മെറ്റീരിയൽ, തുണി സഞ്ചി, മാസ്ക്, കൊട്ടാടി (തോർത്ത്)എന്നിങ്ങനെ 11 ഉൽപന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളോടെ ആളുകൾക്ക് സാധനം വാങ്ങാൻ സൗകര്യത്തിലാണ് വിപണന മേള ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് 20 വരെയാണ് മേള നടക്കുന്നത്.

മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്ന ഇന്ത്യക്കാർക്ക് ഖാദി ഒരു വികാരമാണെന്ന് മേള ഉദ്ഘാടനം ചെയ്ത മേയർ ഡോ ബീന ഫിലിപ്പ് പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ് ഖാദി.
വില കൂടുതലാണ് എന്നതാണ് ഖാദി ഉൽപ്പന്നങ്ങൾ ആളുകൾ വാങ്ങുന്നതിനുള്ള വെല്ലുവിളി. പ്രകൃതിദത്തമായ എല്ലാ ഉൽപന്നങ്ങൾക്കും വില കൂടുമെന്നും മേയർ പറഞ്ഞു. തൊഴിലാളി കുടുംബങ്ങൾ ജീവിച്ചു പോകുന്നത് സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ്. അതിനാൽ കഴിയുന്നവരെല്ലാവരും ഖാദി ഉൽപന്നങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും മേയർ പറഞ്ഞു.

കളർ കുപ്പടം, കളർ ദോത്തി, ബെഡ്ഷീറ്റ്, സാരി, ടവ്വൽ, കളർ ഷർട്ട് പീസ് എന്നിവ കോഴിക്കോട് പ്രോജക്ടിന് കീഴിൽ വിവിധ ഖാദി ഉത്പാദന കേന്ദ്രങ്ങളിൽ ഉൽപാദിപ്പിച്ചു വരുന്നുണ്ട്. ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളായ തേൻ, എള്ളെണ്ണ എന്നിവയും ഇവിടെ ലഭ്യമാണ്. ബാലുശ്ശേരി തേൻ സംഭരണ സംസ്കരണ കേന്ദ്രത്തിൽ നിന്നും കർഷകർ വഴി നേരിട്ട് വാങ്ങി സംസ്കരിച്ച് അഗ്മാർക്ക് ചെയ്ത് വിവിധ വിൽപനശാലകൾ വഴിയാണ് വിശ്വസ്തവും ഗുണമേൻമ കൂടിയതുമായ തേൻ ഖാദിയിൽ വിൽപന നടത്തുന്നത്. 200 ഗ്രാമിന് 85 രൂപയാണ് വില. എള്ള് വാങ്ങി മരചക്കിലാട്ടിയെടുക്കുന്ന എള്ളെണ്ണ ശുദ്ധമായതാണ്. 200 ഗ്രാമിന് 110 രൂപയാണ് ഈടാക്കുന്നത്.

ഖാദി ബോർഡിന്റെ കീഴിൽ 24 വിൽപ്പന ശാലകൾ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും നൽകുന്നുണ്ട്. പർദ്ദ, റെഡിമെയ്ഡ് ഷർട്ടുകൾ, ജുബ്ബ, കാർപെറ്റ്,ബെഡ്ഷീറ്റ് എന്നിവയെല്ലാം ഇവിടെയുണ്ട്.

ഖാദി പ്രോജക്ട് ഓഫീസർ കെ ഷിബി അധ്യക്ഷത വഹിച്ചു. സെൻട്രൽ ബാങ്ക് മാനേജർ പ്രശാന്ത് കുമാർ ആദ്യവില്പന ഏറ്റുവാങ്ങി. കൗൺസിലർ എസ് കെ അബൂബക്കർ , ജൂനിയർ സൂപ്രണ്ട് വി വി രാഘവൻ, അസിസ്റ്റ് രജിസ്ട്രാർ കെ ജിഷ, വില്ലേജ് ഇൻഡസ്ടീസ് ഓഫീസർ വിനോദ് കരിമാനി എന്നിവർ പങ്കെടുത്തു.