എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തുകയാണെങ്കിൽ എലിപ്പനി രോഗവും അതുമൂലമുണ്ടാകുന്ന മരണങ്ങളും തടയാൻ കഴിയുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മലിനജലവുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടാകുന്ന ജോലി ചെയ്യുന്നവർ എലിപ്പനിക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഇവർ ജോലിയ്ക്ക് ഇറങ്ങുന്നതിനു മുൻപായി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ കഴിച്ചു തുടങ്ങണം. ദിവസവും 200 മില്ലിഗ്രാം ആണ് കഴിക്കേണ്ടത്. ഇത് ആറ് ആഴ്ച വരെ കഴിക്കണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഡോക്സി സൈക്ലിൻ സൗജന്യമായി ലഭിക്കും.

കൃഷിപ്പണി, കാലി വളർത്തൽ, മീൻ പിടുത്തം, വാഹനങ്ങൾ കഴുകൽ, നിർമ്മാണ ജോലി തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നവർ കൈയുറയും കാലുറയും ധരിക്കണം. കൈകാലുകളിൽ മുറിവുണ്ടെങ്കിൽ മലിനജലവുമായി യാതൊരു സമ്പർക്കവും ഉണ്ടാകാതെ സൂക്ഷിക്കണം.

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണം പ്രത്യക്ഷപ്പെടാൻ 2 മുതൽ 21 ദിവസം വരെ എടുക്കാറുണ്ട്. കടുത്ത പനി, പെട്ടെന്നുള്ള തലവേദന, കണ്ണ് വേദന, കണ്ണിന് ചുവപ്പ് നിറം , കടുത്ത പേശീവേദന, തൊണ്ടവേദന, ദേഹത്ത് രക്തം പൊടിയൽ , തൊലിപ്പുറത്ത് തടിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. കരൾ, വൃക്ക, പ്ലീഹ എന്നീ അവയവങ്ങളെ ബാധിക്കുന്നതോടെ രോഗം ഗുരുതരമാകുന്നു. ലക്ഷണങ്ങൾ ആരംഭിച്ചാലുടൻ വൈദ്യ സഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.