ജില്ലയിലെ കണ്ടെയ്ന്‍മെന്റ് നടപടികള്‍ , കോവിഡ് പരിശോധന, തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള പ്രതിരോധ നടപടികള്‍ എന്നിവ സംബന്ധിച്ച് ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെങ്കിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോക്ഡൗണില്‍ വളരെയേറെ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുന്നതിനാല്‍ രോഗവ്യാപനം കൂടുതലാകാനുള്ള സാധ്യത കണക്കിലെടുത്താണ് ദുരന്തനിവാരണനിയമം-2005 സെക്ഷന്‍ 26,30,34 പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും റാപ്പിഡ് റെസ്പോൺസ് ടീം (ആര്‍ ആര്‍ ടി) ശക്തിപ്പെടുത്തണം.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവരെ നിര്‍ബന്ധമായും ആര്‍ആര്‍ടി യില്‍ ഉള്‍പ്പെടുത്തണം. കോവിഡ് പോസിറ്റീവ് ആയവരുടെ സമ്പര്‍ക്കത്തില്‍പെട്ടവരെ കണ്ടെത്തല്‍, ക്വാറന്റീനിലുള്ളവരുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കൽ, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ഇവരുടെ ചുമതലയാണ്. ഇവരെക്കൂടാതെ ആശ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ടീമില്‍ ഉണ്ടാകണം.

കോവിഡ് ബോധവല്‍ക്കരണം, രോഗികളുടെ ക്വാറന്റീന്‍ , പോസിറ്റീവ് കേസ്സുകളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് സഹായം, വീടുകള്‍ തോറുമുള്ള ബോധവല്‍ക്കരണം എന്നിവ ആര്‍.ആര്‍.ടി യുടെ സുപ്രധാന ചുമതലയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണം, കാന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ക്കായി ശുപാര്‍ശ എന്നിവയും ഈ ടീമിന്റെ ചുമതലയില്‍പ്പെടുന്നു. ഓരോ ദിവസവും ലഭ്യമാവുന്ന പോസിറ്റീവ് കേസ്സുകളുടെ വിശദാംശങ്ങള്‍ അതതു സമയം തന്നെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതത് തദ്ദേശ സ്വയംഭരണഭരണ സ്ഥാപന സെക്രട്ടറിക്ക് നല്‍കണം. തദ്ദേശ സ്വയംഭരണഭരണ സ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ 1:10 അനുപാതത്തിൽ സമ്പര്‍ക്കപട്ടിക തയ്യാറാക്കി വൈകീട്ട് 6 മണിക്കകം ജാഗ്രത പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരാഴ്ചയ്ക്കകം എല്ലാവരുടെയും കോവിഡ് പരിശോധന പൂര്‍ത്തിയാക്കണം. പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ കണ്ടെയ്ന്‍മെന്റ് സോണ്‍ റദ്ദാക്കുകയുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ പ്രദേശത്തെ സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ആര്‍ടി യില്‍ പ്രവര്‍ത്തിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ
സെക്രട്ടറി നിര്‍ദ്ദേശം നല്‍കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും നിശ്ചയിക്കപ്പെട്ട കോവിഡ് പരിശോധന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് സെക്രട്ടറിയും
മെഡിക്കല്‍ ഓഫീസറും ഉറപ്പുവരുത്തണം.