പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്‍ വിവിധ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണ ചന്തകള്‍ ആരംഭിച്ചു. ‘കരുതല്‍ നല്ലോണം’ ഓണചന്തയില്‍ മഹിളാ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, കിഴങ്ങു വര്‍ഗങ്ങള്‍, ചെറു ധാന്യങ്ങള്‍, ശര്‍ക്കര വരട്ടി, ചിപ്‌സ്, അട്ടപ്പാടിയിലെ തനത് ചീരകള്‍, പാരമ്പര്യ ഉത്പന്നങ്ങള്‍ എന്നിവ ലഭ്യമാകും. ഷോളയൂര്‍ പഞ്ചായത്ത് സമിതി ഓണചന്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രാധ, വാര്‍ഡ് അംഗം വേലമ്മ, പഞ്ചായത്ത് സമിതി സെക്രട്ടറി സെലീന, ഫാം ലൈവ്‌ലി ഹുഡ് കോഡിനേറ്റര്‍ സൈജു. ഇ, കണ്‍സല്‍ട്ടന്റ് അലിയാര്‍, പാരാ പ്രൊഫഷണല്‍മാരായ രാജമ്മ, പാപ്പ, രഞ്ജിത, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. ആനക്കട്ടി, അഗളി, മുക്കാലി, താവളം എന്നിവിടങ്ങളിലും കുടുംബശ്രീ മിഷന്‍ ചന്തകള്‍ ആരംഭിച്ചിട്ടുണ്ട്.