മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് 23) 13.38 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. ജില്ലയില്‍ 1,497 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,457 പേര്‍ക്കും നേരത്തെ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,175 പേരാണ് തിങ്കളാഴ്ച മാത്രം കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് വിമുക്തരായവരുടെ 4,42,274 ആയി.

74,549 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. തിങ്കളാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 35 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,932 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

27,831 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 839 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 377 പേരും 128 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 290 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.