മലപ്പുറം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പൊന്നാനി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന പി.എം.എ.വൈ (യു) – ലൈഫ് പദ്ധതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഖുഷിയോന്‍ കാ ഹാഷിയാന (സന്തോഷത്തിന്റെ വീട്) എന്ന പേരിലാണ് പുതിയൊരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.

നിര്‍മാണം പൂര്‍ത്തീകരിച്ച പി.എം.എ.വൈ ഗുണഭോക്താക്കളുടെ വീടുകളുടെ വീഡിയോ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് ഈ ക്യാമ്പയിനിന്റെ ഭാഗമാകാം. സ്ഥാപനങ്ങള്‍, സംഘടനകള്‍, ഗുണഭോക്താക്കള്‍, യൂട്യൂബര്‍മാര്‍, യുവാക്കള്‍, വിദ്യാര്‍തികള്‍ തുടങ്ങി 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

മൂന്ന് മിനിറ്റില്‍ അധികം ദൈര്‍ഘ്യമില്ലാത്ത വീഡിയോയാണ് തയ്യാറാക്കേണ്ടത്. www.pmay-urban.gov.in/khushiyon-ka-aashiyana എന്ന വെബ്‌സൈറ്റ് ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. സെപ്തംബര്‍ അഞ്ചിനാണ് മത്സരത്തില്‍ പങ്കെടുക്കാവുന്ന അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് പൊന്നാനി നഗരസഭാ പി.എം.എ.വൈ വിഭാഗമായി ബന്ധപ്പെടാം. ഫോണ്‍: 8113006214.