അപ്പര്‍കുട്ടനാടിന്റെ കരിമ്പുകൃഷിയുടെ സംഭരണ, വിതരണ കേന്ദ്രമായിരുന്നു ഒരുകാലത്ത് പുളിക്കീഴ് ബ്ലോക്ക്. അറുപത്- എഴുപത് കാലഘട്ടങ്ങളില്‍ പമ്പാ ഷുഗര്‍ മില്ലിലേക്ക് 1500 ഓളം ടണ്‍ കരിമ്പ് വരെ ഇവിടെ നിന്ന് നല്‍കിയിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഏക കരിമ്പുത്പ്പന്നമായിരുന്നു തിരുവിതാകൂര്‍ ശര്‍ക്കര. ഇതിന്റെ മുഖ്യ അസംസ്‌കൃതവസ്തുവായിരുന്നു ഈ കരിമ്പ്. എന്നാല്‍, പരിഷ്‌ക്കാരത്തിന്റെ കുത്തൊഴുക്കില്‍ ഒരു നാടിന്റെ കാര്‍ഷിക പാരമ്പര്യം നഷ്ടപ്പെട്ടു. കരിമ്പ് കൃഷിയും, കര്‍ഷകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് വന്നു. ഷുഗര്‍ ഫാക്ടറിക്ക് താഴ് വീണു.
കരിമ്പ് കൃഷിയെ പുനരുജ്ജീവിപ്പിക്കാനും, പുളിക്കീഴിനെ പഴയകാല പ്രൗഢിയോടെ തിരിച്ച് കൊണ്ടുവരാനും ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മധുരിമ. കുറ്റൂര്‍, നെടുമ്പ്രം, കടപ്ര എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ്കടപ്ര പഞ്ചായത്തില്‍ ആദ്യപടിയെന്നോണം നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് കഴിഞ്ഞു.
പരമ്പരാഗത രീതിയില്‍ തിരുവിതാകൂര്‍ ശര്‍ക്കര ഉത്പാദിപ്പിക്കുകയെന്നതാണ് മധുരിമ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന്റേയും, സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത സഹകരണത്തില്‍ ഒരു കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതില്‍ തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും, അഞ്ച് ലക്ഷം ബ്ലോക്ക് പഞ്ചായത്തും പദ്ധതി വിഹിതമായി നല്‍കും.
കരിമ്പ് കൃഷിയില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് നിലം ഒരുക്കുന്നതിനും ഉത്പാദനത്തിനും സബ്‌സിഡി നല്‍കുക, ഉത്പ്പന്നം സംഭരിച്ച് ന്യായമായ തുക നല്‍കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, അറുപത് ഹെക്ടറില്‍ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുക, ജനങ്ങളില്‍ തൊഴിലവസരം മെച്ചപ്പെടുത്തുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇക്കോഷോപ്പ് ഉണ്ടാക്കുവാന്‍ സഹായിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളിലുള്‍പ്പെടുന്നു.
കൂടാതെ, പുളിക്കീഴ് ബ്ലോക്ക് നിവാസിയായ അലക്‌സാണ്ടര്‍ നല്‍കിയ സ്ഥലത്ത് ശര്‍ക്കര നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുകയും, പുളിക്കീഴ് മധുരിമ എന്ന പേരില്‍ ശര്‍ക്കര ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയും ചെയ്യും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, വൈസ് പ്രസിഡന്റ് സുമ ചെറിയാന്‍, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജോയിസി.കെ.കോശി എന്നിവരാണ് പദ്ധതിയുടെ മോണിറ്ററിംഗ് അംഗങ്ങള്‍.