കാസർഗോഡ്: ബിരിയാണി മണക്കുന്ന മുളിയാറിലെ നെല്‍പാടങ്ങള്‍ക്ക് പിന്നില്‍ പെണ്‍കരുത്തില്‍ അതിജീവനം തീര്‍ത്ത കഥ പറയാനുണ്ട്. കോവിഡ് കാലത്തിലെ ആകുലതകളെയെല്ലാം മറികടന്ന് വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിക്കുകയാണ് മുളിയാറിലെ ഈ സ്ത്രീകൂട്ടായ്മ. മുളിയാര്‍ പഞ്ചായത്ത് കുടുബംശ്രീ സി ഡി എസിന്റെ നേതൃത്വത്തിലാണ് പൊവ്വല്‍ അക്ക്യാളി പാടത്ത് ആറ് ഏക്കര്‍ സ്ഥലത്ത് നെല്‍ കൃഷി ഇറക്കിയത്.

ഡല്‍ഹി ബസ്മതി, പാക്ക് ബസ്മതി തുടങ്ങിയ വിത്തിനങ്ങളും ജീരകശാല, ഗന്ധകശാല തുടങ്ങിയവയും മറ്റ് വിവിധങ്ങളായ നെല്ലിനങ്ങളും ഇവിടെ തഴച്ചു വളരുകയാണ്. കഴിഞ്ഞ തവണ ആറു ടണ്‍ നെല്ല് സപ്ലൈകോയ്ക്ക് നല്‍കാന്‍ ഈ സ്ത്രീ കൂട്ടായ്മയ്ക്ക് സാധിച്ചിരുന്നു.

മുളിയാര്‍ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും കൃഷിഭവനും മികച്ച് പ്രോത്സാഹനമാണ് നല്‍കുന്നതെന്നും ഇക്കുറിയും നല്ല വിളവാണ് പ്രതീക്ഷയെന്നും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.പ്രേമാവതി പറഞ്ഞു. സി.ഡി.എസ് അക്കൗണ്ടന്റ് പി.എസ്.സക്കീനയുടെ മേല്‍നോട്ടത്തില്‍ റസിയുടെ നേതൃത്വത്തിലുള്ള ജെ.എല്‍.ജി. ഗ്രൂപ്പാണ് കൃഷിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.