നിർമാണ പ്രവർത്തനങ്ങൾ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം: ജില്ലയിൽ 10 സ്‌കൂളുകൾക്ക് 18.80 കോടി രൂപ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. നിർമാണം പൂർത്തിയാക്കിയ താഴത്തുവടകര എൽ.പി സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഏറ്റുമാനൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കോട്ടയം നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്.

ഏറ്റുമാനൂർ മണ്ഡലത്തിൽ നാല് സ്‌കൂളുകൾക്കാണ് പുതിയ കെട്ടിടം നിർമിക്കുക. കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നീണ്ടൂരിൽ എസ്.കെ.വി.ജി.എച്ച്.എസ്. എസിൽ ഹൈസ്‌കൂൾ ബ്ലോക്കും പ്ലാൻ ഫണ്ടിൽനിന്ന് 2.19 കോടി രൂപ വിനിയോഗിച്ച് ഹയർ സെക്കൻഡറി ബ്ലോക്കും നിർമിക്കും. ആർപ്പൂക്കര മെഡിക്കൽ കോളജ് ജി.വി.എച്ച്.എസ്. എസിൽ ഹയർ സെക്കൻഡറി ബ്ലോക്കാണ് നിർമിക്കുന്നത്. ഒരു കോടി രൂപയാണ് നിർമാണ ചെലവ്. എം.എൽ.എ ഫണ്ടിൽനിന്ന് 4.25 കോടി രൂപ ഉപയോഗിച്ചാണ് ഏറ്റുമാനൂർ ഗവൺമെന്റ് ഗേൾസ് എച്ച് എസിന് കെട്ടിടം നിർമിക്കുന്നത്.

പൂഞ്ഞാർ മണ്ഡലത്തിലെ കൊമ്പുകുത്തി ജി.എച്ച്.എസിലും പനക്കച്ചിറ ജി.എച്ച്.എസിലും നബാർഡിന്റെ സഹായത്തോടെ രണ്ടു കോടി രൂപ വീതവും ഈരാറ്റുപേട്ട ജി.എച്ച്.എസ്.എസിൽ കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപയും വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുക. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കുന്നുംഭാഗം ജി.എച്ച്.എസിന്
നബാർഡ് ഫണ്ട് ണ്ട് കോടി രൂപയും വാഴൂർ എൻ.എസ്.എസ്. ഗവൺമെന്റ് എൽ.പി.സ്‌കൂളിന് പ്ലാൻ ഫണ്ട് 1.36 കോടി രൂപയും ഉപയോഗിച്ച് കെട്ടിടം നിർമിക്കും.

കോട്ടയം മണ്ഡലത്തിൽ വടവാതൂർ ജി.എച്ച്.എസിന് രണ്ടു കോടി രൂപയുടെ കെട്ടിടമാണ് നബാർഡിന്റെ ഫണ്ടുപയോഗിച്ച് നിർമിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂളുകളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.