പത്തനംതിട്ട: തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്ന് ജോലി തേടി 32 വര്‍ഷം മുമ്പ് റാന്നിയിലെത്തിയ മുരുകന് പട്ടയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അത്തിക്കയം വില്ലേജില്‍ പണ്ടാരമുക്കിലെ ചെറിയ കെട്ടിടത്തില്‍ മുരുകന്‍ താമസമാക്കിയിട്ട് 23 വര്‍ഷം കഴിഞ്ഞു. നേരത്തെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും മുരുകന്‍ എടുത്തിരുന്നു.

മേസ്തിരിപ്പണിയാണ് മുരുകന്റെ ഉപജീവന മാര്‍ഗം. താന്‍ വാങ്ങിയ ഭൂമിക്ക് പട്ടയം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്ന മുരുകന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തി. മുരുകന്‍ ഒറ്റയ്ക്കാണ് പണ്ടാരമുക്കിലെ പട്ടയം ലഭിച്ച സ്ഥലത്ത് താമസിക്കുന്നത്. കുടുംബാംഗങ്ങള്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുളച്ചലിലാണ് താമസം.