കോട്ടയം: പത്തു സെന്റ് ഭൂമിയുടെ ഉടമസ്ഥനായതിന്റെ അഭിമാനത്തിലാണ് കാഞ്ഞിരപ്പള്ളി പൂതോളിക്കൽ ആന്റണി വർക്കി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന കാഞ്ഞിരപ്പള്ളി താലൂക്കുതല പട്ടയമേളയിൽ ആന്റണി പട്ടയ രേഖ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിൽനിന്ന് ഏറ്റുവാങ്ങി. തലമുറകളായി താമസിക്കുന്ന ഭൂമിക്ക് രേഖയൊന്നുമില്ലാത്തതിനാൽ നേരിട്ടിരുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്.

പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറാൻ തുടങ്ങിയിട്ട് വർഷങ്ങളേറെ കഴിഞ്ഞു. സ്വന്തമായി ഭൂമി വാങ്ങാനുള്ള സാമ്പത്തികം തരപ്പെടുത്താൻ ടാപ്പിംഗ് തൊഴിലാളിയായ ആന്റണിക്ക് സാധിച്ചില്ല. തനിക്കു ശേഷം ഏകമകൾ ഭൂമിക്ക് വേണ്ടി അലയേണ്ടി വരുമല്ലോയെന്നായിരുന്നു സങ്കടം.

സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിലൂടെ ദീർഘകാലത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ അൻപത്തിരണ്ടുകാരൻ. ഭാര്യയ്ക്കും മകളോടുമൊപ്പം സന്തോഷത്തോടെ കഴിയാൻ ഒരു ചെറിയവീട് സ്വന്തം മണ്ണിൽ നിർമിക്കണമെന്ന ആഗ്രഹത്തോടെയാണ് ആന്റണി പട്ടയവുമായി മടങ്ങിയത്.