തൃശൂർ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ആരംഭിച്ച ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവ്വഹിച്ചത്. ജില്ലയിലെ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടിമുതലുകളുടെ പരിശോധന നടത്താനുള്ള സൗകര്യങ്ങളാണ് ഫോറൻസിക് ലാബിൽ ഒരുക്കിയിട്ടുള്ളത്. സാധാരണ റീജിയണൽ ഫോറൻസിക് ലാബുകളിലും സംസ്ഥാന ഫോറൻസിക് ലാബുകളിലുമുള്ള സൗകര്യത്തേക്കാൾ ലഘു സംവിധാനങ്ങളായിരിക്കും ഇവിടെ ഉണ്ടാവുക. ഇരിങ്ങാലക്കുടയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ വരവോടെ തൃശൂർ റീജിയണൽ ഫോറൻസിക് ലാബിലെ ഫോറൻസിക് കേസുകളാൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാകും. കൂടാതെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന ക്രിമിനൽ കേസുകളിൽ കണ്ടെത്തുന്ന തൊണ്ടിമുതലുകൾ ഇരിങ്ങാലക്കുടയിൽ തന്നെ പരിശോധിക്കാനാകും. ലാബിലെ ഉപകരണങ്ങൾ വാങ്ങുന്നതിനും ഫോറൻസിക് ലാബിൻ്റെ ക്രമീകരണത്തിനുമായി 1.5 കോടി രൂപയാണ് ചെലവഴിച്ചത്. നിലവിൽ തൃശൂർ ഉൾപ്പെടെ കൊല്ലം, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഡിസ്ട്രിക്ട് ഫോറൻസിക് സയൻസ് ലബോറട്ടറികൾ ഉള്ളത്.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ സ്ഥിതി ചെയ്യുന്ന സൈബർ പൊലീസ് സ്റ്റേഷൻ സമുച്ചയത്തിൽ ഒന്ന്, രണ്ട് നിലകളിലായാണ് ഫോറൻസിക് സയൻസ് ലാബ് സംവിധാനമുള്ളത്. 3000 ചതുരശ്ര വിസ്തീർണത്തിൽ ക്രമീകരിച്ച ലാബിൽ കെമിസ്ട്രി ഡിവിഷൻ, ഫിസിക്സ് ഡിവിഷൻ, ബയോളജി ഡിവിഷൻ എന്നിങ്ങനെ മൂന്ന് ഡിവിഷനുകൾ ഉണ്ട്. മൂന്ന് ഡിവിഷനുകളിലായി നിലവിൽ 6 താൽക്കാലിക സയിൻ്റിസ്റ്റ് ഓഫീസർമാരാണുള്ളത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പി എസ് സി വഴിയുള്ള സ്ഥിര നിയമനം നടത്തും. തൊണ്ടിമുതലുകൾ പരിശോധിക്കുന്നതിന് അൾട്രാ യുവി സ്പെക്ട്രോഫോട്ടോ മീറ്റർ, ബിഒഡി ഇൻക്യുബേറ്റർ, ഡെൻസിറ്റി ഗ്രാഡിയൻ്റ്‌, സ്റ്റീരിയോ സൂം മൈക്രോസ്കോപ്, ബൈനോകുല്ലർ മൈക്രോസ്കോപ്, ഫ്യൂമ്ഡ് ഹുഡ്, ഇലക്ട്രിക് ഓവൻ തുടങ്ങിയ ഉപകരണങ്ങൾ ആണ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഉള്ളത്. ഓൺലൈനായി നടന്ന ചടങ്ങിൽ ഡിജിപി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ പി ടി ജോർജ്, വാർഡ് കൗൺസിലർ എം ആർ ഷാജി, തൃശൂർ റൂറൽ എസ്പി ജി പൂങ്കുഴലി, തൃശൂർ റേഞ്ച് ഫോറൻസിക് സയൻസ് ലാബ് ജോയിൻ്റ് ഡയറക്ടർ സുലൈഖ, തൃശൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബ് അസിസ്റ്റൻ്റ് ഡയറക്ടർ റസാഖ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി സി ബിജുകുമാർ, ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എസ് പി സുധീരൻ, ഇരിഞ്ഞാലക്കുട സൈബർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി കെ പത്മരാജൻ തുടങ്ങിയവർ പങ്കെടുത്തു.