ലൈസന്‍സികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കരുത്

എക്‌സൈസ് ഉദ്യോഗസ്ഥര്‍ അബ്കാരി ലൈസന്‍സികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് നിയമ ലംഘനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

വകുപ്പിലെ ഉദ്യോഗസ്ഥര്‍ ലൈസന്‍സികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്ന് അബ്കാരി ആക്ടിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ വ്യക്തമാക്കുന്നു. എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട സര്‍വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കും സംഘടനകള്‍ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കും ലൈസന്‍സികളില്‍ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

എക്‌സൈസ് ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ പുറത്തിറക്കുന്ന ഡയറി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലൈസന്‍സികളില്‍ നിന്നും പരസ്യം സ്വീകരിക്കുന്നതും ഉത്തരവിലൂടെ വിലക്കി. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.