എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു

മലപ്പുറം: ജല ജീവന്‍ മിഷനില്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അനുമതി ലഭിച്ച പദ്ധതികള്‍ ഏകോപനത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണ. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, മൊറയൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതി, കോഡൂര്‍ ശുദ്ധ ജല വിതരണ പദ്ധതി എന്നിവയ്ക്ക് 238.58 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

ഇരു പദ്ധതികള്‍ക്കുമായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പഞ്ചായത്ത് തലങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഓരോ പഞ്ചായത്തിലും ജലസംഭരണി നിര്‍മിക്കുന്നതിന് 20 സെന്റ് ഭൂമിയും ട്രീറ്റ്മെന്റ് പ്ലാന്റിന് ഒരേക്കര്‍ സ്ഥലവുമാണ് വേണ്ടത്. മൊറയൂര്‍ പഞ്ചായത്തിലെ തടപ്പറമ്പ്, പുല്‍പ്പറ്റ പഞ്ചായത്തിലെ വളമംഗലം എന്നിവിടങ്ങളില്‍ ജലസംഭരണി നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തികളുടെ ഭാഗമായി റോഡുകളില്‍ ചാലുകള്‍ നിര്‍മിക്കുന്നതും പുനരുദ്ധാരണവും സംബന്ധിച്ച് പഞ്ചായത്ത് തല യോഗങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തും. കിണര്‍, ട്രീറ്റ്മെന്റ് പ്ലാന്റ്, ജലസംഭരണി, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തില്‍ നടത്തേണ്ടത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പ്രൊജക്ട് പുതുക്കി വിശദമായി എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സലീന, റൈഹാനത്ത് കുറുമാടന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. അബ്ദുറഹിമാന്‍, കെ. മുഹമ്മദ് ഇസ്മായില്‍, സുനീറ പൊറ്റമ്മല്‍, റാബിയ ചോലക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സാദിഖ് പൂക്കാടന്‍, അബ്ദുള്‍ ജലീല്‍, ഖമറുന്നീസ, കല്ലേങ്ങല്‍ നുസ്റീന മോള്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ റഷീദലി, പി.ടി. അബ്ദുള്‍ നാസര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിമല്‍ രാജ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.