ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് നടത്തിയ ലഹരി വര്‍ജ്ജന ബോധവത്കരണ പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

സ്വന്തം പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ഗാന്ധിജിയെന്ന മനുഷ്യനിലേക്ക് കേന്ദ്രീകരിക്കാൻ കഴിഞ്ഞതാണ് ഇന്ത്യ നിലനിൽക്കുന്നതിന് കാരണമായതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വളർന്ന് വരുന്ന തലമുറ ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിവുകൾ നേടണം. ലഹരിക്കെതിരെ വ്യാപക ബോധവത്കരണം നടത്തുകയും ലഹരി ഉപയോഗം കുറയ്ക്കുന്നതിന് വിനോദം, ജോലി എന്നിവയിലൂടെ ആളുകളുടെ മനസ്സിനെ തിരക്ക് പിടിച്ചതാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് സ്പോർട്സിനൊപ്പം സ്‌കിൽ വിഷയങ്ങളിൽ പരിശീലനം നൽകണം. അമിത ലഹരിക്ക് ചികിത്സ തേടുന്നവരെ ചികിത്സയ്ക്ക് ശേഷം ജോലിയിലും കളികളിലും വ്യാപൃതരാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച ലഹരി വര്‍ജ്ജന സന്ദേശ സൈക്കിള്‍ റാലി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.എം നാസര്‍ ലഹരി വര്‍ജ്ജന സന്ദേശം നല്‍കി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ് ലഹരിവര്‍ജ്ജന പ്രതിജ്ഞ ചൊല്ലി. ജില്ലാ കലക്ടർ മൃൺമയി ജോഷി, എക്‌സൈസ് ഓഫീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ആര്‍ അജിത്ത്, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആർ. എസ് സുരേഷ് , വിമുക്തി മിഷന്‍ മാനേജര്‍ ഡി. മധുസൂദനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.