മലപ്പുറം: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് പാര്‍ലമന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയതായി രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അറിയിച്ചു.

വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍, അരീക്കോട്, കല്‍പ്പറ്റ, പനമരം ബ്ലോക്ക്പഞ്ചായത്തുകളിലെ ഏട്ടു റോഡുകള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. വണ്ടൂര്‍ ബ്ലോക്കിലെ മേലേ കോഴിപ്പറമ്പ് – പൂളക്കല്‍ -പാലക്കോട് -കാരയില്‍ റോഡിന് 4.60 കോടിയും, തിരുവാലി പഞ്ചായത്തുപടി -കുറുവന്‍ കോളനി -നിരന്നപറമ്പ് -പേലേപ്പുറം റോഡിന് 4.07 കോടിയും, കാളികാവ് ബ്ലോക്കിലെ അമ്പലപ്പടി -വലംപുറം -കൂറ്റന്‍പാറ റോഡിന് 2.36 കോടിയും,

നിലമ്പൂര്‍ ബ്ലോക്കിലെ ചാത്തമുണ്ട -ചീത്ത്കല്ല് ഗ്രാമം -കോടാലിപൊയില്‍ കോളനി റോഡിന് 3.27 കോടിയും, അരീക്കോട് ബ്ലോക്കിലെ പത്തപ്പിരിയം -മാടശ്ശേരി -കോട്ടോല -തോടയം റോഡിന് 2.29 കോടിയും, വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്കിലെ തെക്കുംതറ -കൊടുംകയം -പുതുക്കുടിക്കുന്നു -വാവാട് -വെങ്ങപ്പള്ളി റോഡിന് 4.86 കോടിയും, പനമരം ബ്ലോക്കിലെ കുളക്കാട്ടില്‍ കവല -ആലത്തൂര്‍ -ആലത്തൂര്‍പള്ളി -പള്ളിതാഴം -മുതലിമാരം -കാപ്പിസെറ്റ് റോഡിന് 2.81 കോടിയും, ചുണ്ടക്കര -ചാത്തുമുക്ക് -പന്തലാടി -അറിഞ്ചേര്‍മല -ചുണ്ടക്കുന്നു റോഡിന് 4.98 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ മണ്ഡലത്തിലെ അരീക്കോട്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ നാലു റോഡുകളുടെ നവീകരണത്തിന് പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്തി 22.64 കോടി രൂപ അനുവദിച്ചിരുന്നു.

ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായും നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നും എം.പി.യുടെ ഓഫീസ് അറിയിച്ചു.