തിങ്കൾ മുതൽ ബുധനാഴ്ച വരെ ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശക്തമായ മഴ നേരിടാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശം നൽകി.

• ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കും. വാഹനമുൾപ്പടെ സജ്ജമാക്കണമെന്നും കളക്ടർ നിർദേശം നൽകി. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ നാല് അംഗ സ്‌ക്വാഡ് രൂപീകരിക്കും.

• പോലീസ്, അഗ്നി രക്ഷ സേന കൺട്രോൾ റൂമുകളും അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാൻ നിർദേശം നൽകി.
• ഇന്ന് മുതൽ മഴ അവസാനിച്ചു 24 മണിക്കൂർ കഴിയുന്നത് വരെ ക്വാറികളുടെ പ്രവർത്തനം നിർത്തി വെക്കാൻ നിർദേശം നൽകി.
• മലയോര മേഖലകളിലെയും ജലശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കും.
• ജില്ലയിൽ ലഭ്യമായ എല്ലാ ക്രെയിൻ, മണ്ണുമാന്തിയന്ത്രങ്ങളും ആവശ്യം വരുന്ന മുറക്ക് വിന്യസിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പിനെ ചുമതലപെടുത്തി.
• പൊതുമരാമത്തു വകുപ്പിന്റെ എല്ലാ കാര്യാലയങ്ങളിലും അടിയന്തര റിപ്പയർ സംഘങ്ങളെ സജ്ജമാക്കി നിർത്തണം
• ജില്ലയിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ ആയി പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ സജ്ജമാക്കി വെക്കേണ്ടതും താലൂക്ക് തഹസിൽദാർമാർ /വില്ലേജ് ഓഫീസർമാർ എന്നിവർ താക്കോലുകൾ കൈവശം വെക്കേണ്ടതും ആണ്.
• ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകുകയും ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കുകയും ചെയ്യണം
• നദീ തീരങ്ങളിലും പാലങ്ങളിലും മലഞ്ചെരുവുകളിലും ബീച്ചകളിലും സെൽഫി എടുക്കുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും നിരോധിച്ചിരിക്കുന്നു.
• ജില്ലയിലെ നിലവിലുള്ള വാർത്ത വിനിമയ സംവിധാനങ്ങൾ പരാജയപ്പെടുന്ന പക്ഷം ബദൽ സംവിധാനം ഒരുക്കാൻ ബി. എസ്. എൻ. എല്ലിനെ ചുമതലപ്പെടുത്തി.
• ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂർ പ്രവർത്തിക്കേണ്ടതും എമർജൻസി ലൈഫ് സപ്പോർട്ട് നൽകാൻ വൈദഗ്ദ്യമുള്ള ഒരു ആരോഗ്യ പ്രവർത്തകനെയെങ്കിലും ചുമതലപ്പെടുത്തുകയും ചെയ്യണം.
• ജില്ലയിലെ 7 താലൂക്ക്കളിലും 100 കിലോഗ്രാം അരി, 50 കിലോഗ്രാം പയർ, 10 കിലോഗ്രാം എണ്ണ, 75 ലിറ്റർ മണ്ണെണ്ണ എന്നിവ തയ്യാറാക്കി വെക്കണം.
• ഏഴു താലൂക്കുകളിലും ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കാൻ 14 കെ. എസ്. ആർ. ടി സി ബസുകൾ സജ്ജമാക്കി വെക്കണം.
• ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിലെയും കായലിലെയും മത്സ്യ ബന്ധനം നിരോധിച്ചു
• ഇടമലയാർ ഡാമിലെ ജലനിരപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് മാത്രം നിലനിർത്താൻ നടപടി സ്വീകരിക്കുകയും ചെയ്യണം. ജില്ലയിലെ നദികളിലെയും ജലശയങ്ങളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട്‌ കൈമാറണം.
• ജില്ലയിലെ മലയോര മേഖലയിലെ ഗതാഗതം രാത്രി ഏഴു മണി മുതൽ രാവിലെ ഏഴു മണി വരെ നിയന്ത്രിക്കണം.
• കോവിഡ് ചികിത്സ ലാഭ്യമാക്കുന്ന ആശുപത്രികളിലെ വൈദ്യുതി ബന്ധം തകരാതിരിക്കാൻ ജനറേറ്ററുകൾ ഉൾപ്പടെ ക്രമീകരിക്കണം.
• വൈദ്യുതി ബന്ധത്തിൽ തകരാറുകൾ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കാനുള്ള ടാസ്ക് ഫോഴ്സുകൾ സജ്ജമാക്കണം
• ഇൻസിഡന്റ് കമാൻഡർമാരായ തഹസിൽദാർമാർ താലൂക്ക് തലത്തിൽ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം സജ്ജമാക്കണം.
• അപകടകരമായ രാസപഥാർത്ഥങ്ങൾ സൂക്ഷിച്ചിട്ടുള്ള ഫാക്ടറികളിൽ, അവ പ്രളയം ബാധിക്കാൻ സാധ്യതഉള്ള പ്രദേശത്താണ് സൂക്ഷിച്ചിട്ടുള്ളതെങ്കിൽ മഴക്കാലത്തു തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണം.