ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികളും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. പഞ്ചായത്ത് തല രണ്ടാംഘട്ട പരിപാടികള്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. മുന്‍കാല ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ ഇന്നത്തെ വികസനത്തിന് അടിസ്ഥാനമെന്നും മുന്‍കാല അംഗങ്ങളുടെ പ്രവര്‍ത്തനപരിചയവും ഉപദേശങ്ങളും തുടര്‍ന്നും ഉണ്ടാകണമെന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

മുന്‍ പഞ്ചായത്ത് പഞ്ചായത്തംഗങ്ങളായ രമണി ശിവശങ്കരന്‍ നായര്‍, ഹനീഫ പാറേക്കണ്ടത്തില്‍, ഇസ്മായില്‍ പനക്കന്‍, സീനാ നവാസ്, അഡ്വ.ജിന്‍സി സിറിയക്, ആദ്യകാലം മുതല്‍ ജനകീയ ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വി.എസ്.അബ്ബാസ്, ഗോവിന്ദന്‍ കാവനാംകുന്നേല്‍, മീരാണ്ണന്‍ ഉക്കിണിവീട്ടില്‍ എന്നിവര്‍ക്ക് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് ഷീജാ നൗഷാദ് കൈമാറി.

ചടങ്ങിനെത്താത്ത മുന്‍ പഞ്ചായത്തംഗങ്ങളെ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വീട്ടിലെത്തി ആദരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇതൊടൊപ്പം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികവ് പുലര്‍ത്തിയ പ്രതിഭകള്‍ക്ക് പഞ്ചായത്തിന്റെ ഉപഹാരം എഇഒ ഷീബാ മുഹമ്മദ് കൈമാറി. പരിപാടിയോട് അനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിയമ ബോധന ക്ലാസും സംഘടിപ്പിച്ചു.

പഞ്ചായത്ത് അംഗം അസ്സീസ് ഇല്ലിക്കല്‍ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം ബിന്‍സി മാര്‍ട്ടിന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം അജ്മല്‍ ഖാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം ലത്തീഫ് മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ്, ജോ. ബിഡിഒ ഫസീല റ്റി.ഐ., യൂത്ത് കോ.ഓര്‍ഡിനേറ്റര്‍ മുഹമ്മദ് താജുദ്ദീന്‍, വികസന സമിതി അംഗങ്ങളായ അമീര്‍ വാണിയപ്പുരയില്‍, ലത്തീഫ് തൊട്ടിപ്പറമ്പില്‍, യൂസഫ് കെ.ഐ, സണ്ണി കടുത്തലക്കുന്നേല്‍, മാര്‍ട്ടിന്‍ തെക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. റിസോഴ്സ് പേഴ്സണ്‍ മുഹമ്മദ് ഷിബിലി നന്ദി പറഞ്ഞു.