ഒന്നരവര്‍ഷത്തിന് ശേഷം കോന്നി എല്‍.പി.സ്‌കൂളില്‍ എത്തിയ കുട്ടികളെ ജില്ലാ കളക്ടര്‍ വരവേറ്റത് പാട്ടുപാടിയാണ്. ”ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…”എന്ന ഗാനം പാടിയാണ് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ കുട്ടികളെ സ്വാഗതം ചെയ്തത്. കുട്ടികള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവം പകര്‍ന്നുനല്‍കിയാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്.
കോന്നി എല്‍.പി.സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനാണ് ജില്ലാ കളക്ടര്‍ എത്തിയത്. കുട്ടികള്‍ക്ക് അടുത്തുപോയി വിശേഷങ്ങള്‍ ചോദിക്കാനും മാസ്‌ക്ക് വയ്ക്കുന്നത് ഓര്‍മ്മിപ്പിക്കുവാനും കളക്ടര്‍ മറന്നില്ല.

കോന്നി ഗവ.എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസിലെ താരങ്ങളായത് ഇരട്ടക്കുട്ടികളാണ്. ഒന്നാം ക്ലാസില്‍ മൂന്ന് ജോഡികളാണുള്ളത്. ഇതില്‍ രണ്ടു ജോടികളും ഒരേക്ലാസിലാണുള്ളത്. ഒന്നാം ക്ലാസ് സി ഡിവിഷനില്‍ രണ്ടു ജോഡികളാണുള്ളത്. ഇതില്‍ അഹ്‌യാന്‍ മുഹമ്മദ് അനീഷ്, ആത്തിഫ് മുഹമ്മദ് അനീഷ് എന്നിവര്‍ക്ക് രാവിലെയും മറ്റ് രണ്ടു ജോഡികള്‍ക്ക് ഉച്ചകഴിഞ്ഞുമായിരുന്നു ക്ലാസുണ്ടായിരുന്നത്.

സി ഡിവിഷനിലെ അഭിനന്ദ് പ്രസാദ്, അഭിമന്യു പ്രസാദ് എന്നിവരാണ് രണ്ടാം ജോഡി. ബി ഡിവിഷനില്‍ എല്‍.ബി രോഹിണി, എല്‍.ബി രോഹിത് എന്നിവരാണ് ഇരട്ടകള്‍. കോന്നി എല്‍.പി.എസില്‍ ഒന്നാം ക്ലാസില്‍ 125 പേരാണ് ആകെയുള്ളത്.