വോട്ടര്‍പട്ടിക പുതുക്കുന്നതിനായുള്ള കരടുപട്ടിക തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ 30 വരെ പേര് ചേര്‍ക്കാനുള്ള അപേക്ഷ നല്‍കാം. പേര് ചേര്‍ത്തതിനെതിരെയുളള ആക്ഷേപങ്ങളും തെറ്റ് തിരുത്താനുളള അപേക്ഷകളും 30 വരെ നല്‍കാം. 30 വരെ ലഭിച്ച അപേക്ഷകളില്‍ തീരുമാനമെടുത്ത് 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കാനാണ് സ്പെഷല്‍ സമ്മറി റിവിഷന്‍-2022 തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചത്. മൊബൈല്‍ ഫോണില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് (വി.എച്ച്.എ) ഡൗണ്‍ലോഡ് ചെയ്താല്‍ വളരെ എളുപ്പത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം. കൂടാതെ www.nvsp.in എന്ന വെബ്സൈറ്റിലൂടെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഇതുമായി ബന്ധപ്പെട്ട് ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഈ അവസരം പ്രയോജനപ്പെടുത്തി അര്‍ഹതപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കി വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍ വി. സൂര്യനാരായണന്‍, രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, മനുലാല്‍ മേലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.