സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീലന സംവിധാനത്തിന് സമാനമായി സംസ്ഥാനത്തും ഭരണപരമായ ഉത്തരവാദിത്വമുള്ള പരിശീലന സംവിധാനം ആരംഭിക്കും. ഇതിന്റെ ചുമതല ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായിരിക്കും. അക്കാദമിക് സംവിധാനം ഐ.എം.ജി. നടത്തും.
പൊതു വെബ്‌പോര്‍ട്ടല്‍ രൂപീകരിക്കും. രാജ്യത്തിന്റെ പ്രധാന പരിശീലന സ്ഥാപനങ്ങളില്‍ നിന്നും ഫാക്കല്‍റ്റികളെ എത്തിക്കും. ഓണ്‍ലൈന്‍ പരിശീലനം പ്രോത്സാഹിപ്പിക്കും. ഇഗ്നോയുമായി ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ ഐ എം ജി യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കും. സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ഭരണഘടനയോട് കൂറുപുലര്‍ത്തുന്നതായി സത്യപ്രതിജ്ഞ ചെയ്യണം.
പരിശീലനത്തിന് മാത്രമായി പ്രത്യേക ഫണ്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ട്രെയിനിംഗ് ഡിവിഷന് കീഴില്‍ രൂപീകരിക്കും. പരിശീലന കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ഓരോ വകുപ്പിനും ആവശ്യമായ തുക  ഐ എം ജി വിതരണം ചെയ്യും.