അന്തിക്കാട് കെ ജി എം എൽ പി സ്‌കൂളിലെ 1985-88 കാലഘട്ടത്തിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായമ സ്കൂളിന് ഫർണീച്ചറുകൾ നൽകി. എല്ലാ ക്ലാസുകളിലേക്കുമുള്ള സ്റ്റീൽ ബെഞ്ചുകളാണ് നൽകിയത്. ഇതോടൊപ്പം വിവിധ മേഖലകളിൽ അവാർഡ് നേടിയവരെയും ആദരിച്ചു.സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ റവന്യൂമന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. വിദ്യാർത്ഥികളുടെ ഇത്തരം കൂട്ടായ്മകൾ ഭാവി തലമുറയ്ക്കും സമൂഹത്തിനും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സ്കൂൾ ജീവിതത്തിലെ നല്ല ഓർമ്മകളും പഴയകാല സുഹൃത്തുക്കളെയും അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞപ്പോൾ സദസ് കരഘോഷം മുഴക്കി. എ കെ അഭിലാഷ് അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തംഗം വി എൻ സുർജിത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ ഗ്രാമപഞ്ചായത്തംഗം ശരണ്യ രജീഷ്,‌ അബ്‌ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.

സിനിമ സംവിധായകൻ ഷൈജു അന്തിക്കാട്, ഏറ്റവും വലിയ എംബ്രോയിഡറി വർക്കിന്‌ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് 2021ൽ ഇടം നേടിയ വേണു മാമ്പുള്ളി, ഏറ്റവും കൂടുതൽ പ്രകൃതിയുടെ മിനിയേച്ചർ ചിത്രങ്ങൾ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ദേവിക നായർ, കൃഷി വികാസ് എന്ന പേരിൽ കാർഷികമേഖലയ്ക്ക് ഗുണമായ മൾട്ടി പർപ്പസ് സോളാർ പവേർഡ് ഫ്‌ളൈ ട്രാപ്പ് മെഷീൻ കണ്ടുപിടിച്ച ജിൻസി ജോസ് ഇടക്കളത്തൂർ, ജില്ലാ സ്റ്റേറ്റ് തലങ്ങളിൽ ജൂഡോ മത്സരത്തിൽ ഗോൾഡ്‌ മെഡൽ നേടിയ ശ്രീഷ ചന്ദ്രൻ, കെജി എം എൽ പി സ്കൂൾ വികസനത്തിന് നേതൃത്വം നൽകുന്ന പ്രധാനധ്യാപകൻ ജോഷി ടി കൊള്ളന്നൂർ, 33 വർഷങ്ങളായി വിവിധ കലാരംഗത്ത് പ്രവർത്തിക്കുന്നതും ഇപ്പോൾ സാക്‌സാഫോൺ കലാകാരനായ കിഷോർ കുമാർ സാക്‌സാഫോൺ കലാകാരൻ മനോജ് സ്വാമി, ഓടക്കുഴൽ വിദ്വാൻ ടോണി ആലപ്പുഴ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. തുടർന്ന് കലാപ്രകടനങ്ങളും അരങ്ങേറി.