ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി നാളെ (ഡിസംബര്‍ ഒന്ന് ) രാവിലെ 10ന് മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലാ ടി.ബി സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന എയ്ഡ്സ് ദിനാചരണ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയാകും. രാവിലെ ഒന്‍പതിന് മലപ്പുറം താലൂക്ക് ആശുപത്രി പരിസരത്ത് നിന്നാരംഭിക്കുന്ന സന്ദേശ റാലി മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഫ്ളാഗ് ഓഫ് ചെയ്യും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക ദിനാചരണ സന്ദേശം നല്‍കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് പകല്‍ 11ന് കനല്‍ തിരുവാലി നാടന്‍ പാട്ടും ചട്ടിപ്പറമ്പ് എഡ്യുകെയര്‍ ഡെന്റല്‍ കോളേജ് സ്‌കിറ്റും അവതരിപ്പിക്കും. ‘ അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിനാചരണം.

ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 30) വൈകീട്ട് 5.30ന് മലപ്പുറം നഗരത്തില്‍ ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ തെരുവുനാടകം അവതരിപ്പിക്കും. വൈകീട്ട് ആറിന് ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ‘മെഴുകുതിരി തെളിയിക്കല്‍’ പരിപാടി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കോട്ടപ്പടി ടര്‍ഫില്‍ ഫുട്ബോള്‍ മത്സരവും സംഘടിപ്പിക്കും. കേരള യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, മലപ്പുറം കെ.എച്ച്.ആര്‍.എ, ചട്ടിപ്പറമ്പ് എഡ്യുകെയര്‍ ഡെന്റല്‍ കോളേജ്, സ്‌കൗട്ട്സ് ആന്റ് എന്‍.സി.സി, ട്രോമാകെയര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ദിനാചരണം.