ജില്ലയിലെ ട്രൈബല്‍ മേഖലകളിലെ കുട്ടികളില്‍ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിനായി തുടര്‍ സാക്ഷരതാപദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. കളക്ടറുടെ ചേംബറില്‍ ജില്ലാ ശിശു ക്ഷേമസമിതിയുടെ ജില്ലാ ജനറല്‍ബോഡി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കുട്ടികള്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്നതിനായി ഈ മേഖലകളില്‍ മികച്ച ഇടപെടല്‍ നടത്തും. കുട്ടികള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കാനും കുട്ടികളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്താനും ഊര്‍ജ്ജിതശ്രമമുണ്ടാകണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. വീടുകളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ ശിശുക്ഷേമസമിതി സംസ്ഥാന ട്രഷറര്‍ രാധാകൃഷ്ണന്‍, ജില്ലാ ജോയിന്‍റ് സെക്രട്ടറി എന്‍. ചെല്ലപ്പന്‍, ജില്ലാ ട്രഷറര്‍ അഡ്വ. ടി.വി.രാജു എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും തടയുന്നതിനുള്ള ടോള്‍ ഫ്രീ നമ്പര്‍ ജില്ലയില്‍ നിലവില്‍ വന്നതായി ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. : ടോള്‍ ഫ്രീ നമ്പര്‍ 1517. ഇരുപത്തിനാല് മണിക്കൂറും ഈ നമ്പറില്‍ സേവനം ലഭിക്കും.