ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകാന്‍ പോലീസ് സേനയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണവും ആധുനിക പോലീസിംഗും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരം പോലീസിനെ ദുഷിപ്പിക്കരുത്. ജനതാത്പര്യത്തിനും രാഷ്ട്രതാത്പര്യത്തിനുമായി അധികാരം ഉപയോഗിക്കണം. പോലീസ് തന്നെ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി രാജ്യമെമ്പാടും പരാതി ഉയരുന്നുണ്ട്. വേലി തന്നെ വിളവു തിന്നുന്ന സംഭവം നല്ല ഒരു സമൂഹത്തിന് ഭൂഷണമല്ല. പൊതുസുരക്ഷയ്ക്കായി പോലീസ് ന്യായമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ പോലീസിന്റെ അമിതാധികാരപ്രയോഗം, അഴിമതി, മൂന്നാം മുറ എന്നിവ മനുഷ്യാവകാശത്തെ മാനിക്കുന്ന ഭരണത്തിന് യോജിച്ചതല്ല. അത്തരം പ്രവണതകള്‍ ഇല്ലാതാക്കി ജനാധിപത്യപരമായി പോലീസിനെ പുനസംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജനജീവിതത്തിനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് കൂടുതല്‍ അംഗബലവും അടിസ്ഥാന സൗകര്യവും നല്‍കി പോലീസിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്. അഴിമതിക്കും മൂന്നാം മുറയ്ക്കും എതിരെ ശക്തമായ നടപടികളുണ്ടാവും. പോലീസ് ഉദ്യോഗസ്ഥരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തി പൊതുസമൂഹത്തിന്റെ മനുഷ്യാവകാശം ഉറപ്പാക്കുന്നതിനൊപ്പം പോലീസിന്റെ മനുഷ്യാവകാശവും ഉറപ്പാക്കേണ്ടതുണ്ട്. അഴിമതി മനുഷ്യാവകാശ ലംഘനമല്ലെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ സമൂഹത്തിന്റെ അവകാശങ്ങളുടെയും പൗരാവകാശത്തിന്റേയും ലംഘനമാണത്. അഴിമതി, മൂന്നാംമുറ, അമിതാധികാരപ്രയോഗം എന്നിവ നടത്തുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാരിന് യാതൊരു ദാക്ഷണ്യവുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്കും ദുര്‍ബലര്‍ക്കും നേരേയുള്ള കുതിരകയറലാകരുത് പോലീസിന്റെ നയം. ഭീകരപ്രവര്‍ത്തനം മനുഷ്യാവകാശ ലംഘനമായി കാണണം. ന്യൂനപക്ഷങ്ങളുടെയും ദുര്‍ബലവിഭാഗങ്ങളുടെയും അവകാശങ്ങളില്‍ പലതരം കടന്നുകയറ്റം ഉണ്ടാവുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നു. വിയോജിക്കാനുള്ള അവകാശത്തെ ദേശവിരുദ്ധതയായി കാണുന്ന രീതി അടുത്തകാലത്തായി സംഭവിക്കുന്നു. അത് ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. വിവിധ മേഖലയിലുള്ളവര്‍ അതിക്രമം നേരിടുന്നു. പ്രബുദ്ധ കേരളവും നവോത്ഥാന മൂല്യങ്ങളില്‍ നിന്ന് പിന്നിലേക്ക് പോകുന്ന കാഴ്ചയാണ്. എഴുത്തുകാര്‍ ഇവിടം വിട്ടു പോകണമെന്നും എഴുത്ത് അവസാനിപ്പിക്കണമെന്നും കൃതി പിന്‍വലിക്കണമെന്നുമുള്ള ഭീഷണികള്‍ നമ്മുടെ നാട്ടിലുമുണ്ടാവുന്നു. ജനങ്ങളുടെ അന്തസിനും ജനാധിപത്യത്തിനുമായി പോരാടുകയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കേരളത്തിന് ഇത് അപമാനമാണ്. പോലീസിനും സര്‍ക്കാരിനുമൊപ്പം പൊതുസമൂഹമാകെ ഒന്നിച്ചുനിന്ന് ഇതിനെ പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. സുപ്രീ കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി. ഗോപാലഗൗഡ മുഖ്യപ്രഭാഷണം നടത്തി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എസ്. പി. സി. എ അംഗം കെ. എസ്. ബാലസുബ്രഹ്മണ്യന്‍, കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. മജ ദാരുവാല, സുപ്രീംകോടതി സീനിയര്‍ കൗണ്‍സല്‍ അഡ്വ.മിഹിര്‍ ദേശായി, ലാ സെക്രട്ടറി ബി. ജി. ഹരീന്ദ്രനാഥ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, അനാമിക കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.