ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം സാധ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി വിവിധ വകുപ്പു മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ വിവിധ വകുപ്പു മേധാവികള്‍ സംസ്ഥാന തലത്തില്‍ കൂടിയാലോചന നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഫണ്ടുവിനിയോഗത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. റോഡിലുള്ള വെള്ളക്കെട്ട്, ഗതാഗത സ്തംഭനം എന്നിവ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ അതോറിറ്റി, പൊതുമാരാമത്ത് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിവിധ വകുപ്പുമേധാവികള്‍ പങ്കെടുത്തു.