കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ രാജ്യത്തെ സംസ്ഥാനങ്ങൾക്കു കരുത്തു പകരുന്ന ഒരു പ്രഖ്യാപനവും കേന്ദ്ര ബജറ്റിൽ ഇല്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിനും രാജ്യത്തെ മറ്റും സംസ്ഥാനങ്ങൾക്കും നിരാശപകരുന്നതാണു ബജറ്റ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് പ്രതിസന്ധി നിലനിൽക്കെ, കേരളമടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെ കണ്ട ബജറ്റായിരുന്നു ഇത്തവണത്തേതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും രാജ്യത്തെ ഗ്രാമങ്ങൾ പോകുന്ന സ്ഥിതിയാണുള്ളത്. ഇതിനെല്ലാം പരിഹാരം കാണുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പൊതുമേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രഖ്യാപനങ്ങൾ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ഇത്തരമൊരു കാഴ്ചപ്പാട് ഇല്ലാതെയാണു ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.

രാജ്യത്തിന്റെ അടുത്ത 25 വർഷ കാലത്തേക്കുള്ള ബൃഹത് പദ്ധതി വിഭാവനം ചെയ്യുന്ന ബജറ്റാണെന്നാണു കേന്ദ്ര ധനമന്ത്രി അവകാശപ്പെടുന്നത്. ഏഴു വളർച്ചാ എൻജിനുകൾ ഇതിനായി പ്രഖ്യാപിച്ചു. ഇതിൽ റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ, ജലപാതകൾ തുടങ്ങിയ വിവിധ അടിസ്ഥാന സൗകര്യ വികസന മേഖലകളിലെല്ലാം പി.പി.പി. മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. നഗരമേഖലയിലെ തൊഴിൽ ലഭ്യതയെക്കുറിച്ചു ബജറ്റ് പരാമർശിക്കുന്നേയില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 73,000 കോടി രൂപ മാത്രമാണു നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബജറ്റിൽ നിക്കിവച്ചിരുന്ന അതേ തുകയാണിത്.

രണ്ടു വർഷങ്ങൾക്കു മുൻപുള്ള ബജറ്റിൽ 1,11,000 കോടിയായിരുന്നു ഈ ഇനത്തിൽ യഥാർഥ ചെലവ്. ഈ സാമ്പത്തിക വർഷത്തെ റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റിൽ 98,000 കോടിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ചെലവഴിക്കുന്നത്. രൂക്ഷമായ തൊഴിലില്ലായ്മ രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഗ്രാമീണ ജനവിഭാഗങ്ങൾക്കു തൊഴിൽ ലഭ്യത ഉറപ്പാക്കാൻ വേണ്ടത്ര പണം ബജറ്റ് നീക്കിവച്ചിട്ടില്ലെന്ന് ഇതിൽനിന്നു വ്യക്തം.
കാർഷിക മേഖലയ്ക്കുള്ള മിനിമം സപ്പോർട്ട് പ്രൈസ് നൽകുന്നതിനായി 2,37,000 കോടി രൂപ ഇത്തവണ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ ഇത് 2,48,000 കോടി രൂപയായിരുന്നു. ഭക്ഷ്യ സബ്സിഡിക്കുള്ള തുകയും ഇക്കുറി കുറഞ്ഞു. കോവിഡ് വാക്സിനായി കഴിഞ്ഞ വർഷം 39,000 കോടി രൂപ മാറ്റിവച്ചിരുന്നു. ഈ ബജറ്റിൽ ഇത് 5,000 കോടി രൂപയേ ഉള്ളൂ. കൂടുതലായി പണം നീക്കിവയ്ക്കേണ്ട പല മേഖലകളും ഇത്തരത്തിൽ അവഗണിക്കപ്പെട്ടു. സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുകളും വെട്ടിക്കുറച്ചു.

സഹകരണ മേഖലയിലെ ആദായ നികുതി 15 ശതമാനമാക്കിയെന്നതും ആശ്വസിക്കാൻ വകയില്ലാത്തതാണ്. സഹകരണ മേഖലയിൽ നേരത്തേ നികുതി ഇല്ലായിരുന്നു. നികുതി നടപ്പാക്കിയപ്പോൾ വൻകിട കമ്പനികൾക്ക് 15ഉം സഹകരണ മേഖലയിൽ 18ഉം ശതമാനമായാണു നടപ്പാക്കിയത്. ഇത് ഇപ്പോൾ ഏകീകരിച്ച് രണ്ടും 15 ശതമാനമാക്കിയെന്നേ ഉള്ളൂ. സഹകരണ മേഖലയെ പൂർണമായി നികുതിയിൽനിന്ന് ഒഴിവാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നയം ബജറ്റും മുന്നോട്ടുവയ്ക്കുന്നു. എൽ.ഐ.സി. വിൽക്കുമെന്നുള്ള പ്രഖ്യാപനം ഇതിനു തെളിവാണ്.

കേരളം ആവശ്യപ്പെട്ട മിക്ക കാര്യങ്ങളും അവഗണിക്കപ്പെട്ടുവെന്നാണ് പ്രത്യക്ഷത്തിൽ മനസിലാകുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു കൂടി നീട്ടി നൽകണമെന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കപ്പെടാതിരുന്നതു പ്രതിഷേധകരവും ദുഃഖകരവുമാണ്. ശരാശരി പ്രതിവർഷം 12,000 കോടി രൂപയോളമാണ് ഈ ഇനത്തിൽ മാത്രം കേരളത്തിനു കുറയുന്നത്. കടമെടുപ്പ് പരിധി അഞ്ചു ശതമാനമാക്കിയിരുന്നു. ഇതു 3.5 ശതമാനമാക്കി കുറയ്ക്കുമെന്നാണു ബജറ്റ് പ്രഖ്യാപനം. നടപ്പു സാമ്പത്തിക വർഷം ഇത് നാലു ശതമാനമാണ്. കെ-റെയിൽ, എയിംസ് തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല.

പ്രത്യക്ഷ നികുതി കൃത്യമായി പരിച്ചെടുക്കാതെ പരോക്ഷ നികുതി കൂടുതലായി ഈടാക്കുന്ന നയമാണു ബജറ്റ് പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നത്. ബ്ലൻഡഡ് ഫ്യുവലിനു മേൽ ലിറ്ററിന് രണ്ടു രൂപ വീതം അഡിഷണൽ ഡിഫറൻഷ്യൽ എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുമെന്ന പ്രഖ്യാപനം ഇതിന് ഉദാഹരണമാണ്. ഒക്ടോബർ ഒന്നു മുതൽ ഇറക്കുമതിചെയ്യുന്ന ബ്ലെൻഡഡ് ഫ്യുവലിനു മേൽ ഇതു നിലവിൽവരുമെന്നാണു ബജറ്റിൽ പറയുന്നത്. ഇന്ധന വിലവർധനയിലേക്കു വഴിവയ്ക്കുന്ന പ്രഖ്യാപനമാണ് ഇതെന്നാണു മനസിലാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.