സില്‍വര്‍ലൈനിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍.കേന്ദ്ര ധനമന്ത്രിയും റെയില്‍വേയും അയച്ച കത്തുകള്‍ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. 2019 ഡിസംബറില്‍ തന്നെ റെയില്‍വേയുടെ കത്ത് ലഭിച്ചിരുന്നു,പിന്നാലെ ധനമന്ത്രി നിര്‍മല സീതാരാമന്റെ കത്തും ലഭിച്ചു.2020 ഒക്ടോബറില്‍ ലഭിച്ച കത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഇത്തരത്തിലുള്ള കത്തുകളുടെയും നിവേദനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. നിയമപരമായ കാര്യങ്ങളില്‍ ഊന്നിയാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച നല്‍കിയ മറുപടി സാധാരണഗതിയില്‍ നല്‍കുന്ന മറുപടി മാത്രമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ഭാവി വികസനത്തിന്റെ ഭാഗമാണ് സില്‍വര്‍ലൈന്‍. ഭാവിതലമുറയെക്കൂടി കരുതിയാണ് ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി നിലകൊള്ളുന്നത്. കേന്ദ്രം നിര്‍ദ്ദേശിക്കുന്നതനുസരിച്ചുള്ള മാറ്റം ഡി.പി.ആറില്‍ വരുത്തും. സില്‍വര്‍ ലൈനിന് പണം മുടക്കാന്‍ തയ്യാറായ ജിക്ക പോലെയുള്ള ഏജന്‍സി ലാഭകരമല്ലാത്ത ഒരു പദ്ധതിയുമായി സഹകരിക്കുമോയെന്നും മന്ത്രി ചോദിച്ചു