*മത്സരം ആഗസ്റ്റ് 11 മുതല്‍
സംസ്ഥാന ടൂറിസം വകുപ്പ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരം സംഘടിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വള്ളംകളിക്ക് കൂടുതല്‍ ആവേശവും പ്രചാരവും നല്‍കുന്ന രീതിയിലാണ് മത്സര ആസൂത്രണം ചെയ്തിരിക്കുന്നത്. വള്ളം കളി മത്സരങ്ങളെ ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ ഒരു കായികമേളയായി അന്താരാഷ്ട്രനിലവാരത്തില്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. ഇതുവഴി കേരളത്തിലേയ്ക്ക് കായിക പ്രേമികളുടെയും വിനോദസഞ്ചാരികളുടെയും വരവിന് ആക്കം കൂട്ടാന്‍ കഴിയും. ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ 13 വേദികളിലായി 13 വള്ളം കളിമത്സരങ്ങളാണ് നടക്കുന്നത്. ജേതാക്കള്‍ക്ക് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുക ലഭിക്കും. ഇത് മാത്രമല്ല ലീഗിന് യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരവേദിക്കും ബോണസ് നാല് ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്യും. ആഗസ്റ്റ് പതിനൊന്നിന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ഏറ്റവും മികച്ച സമയത്തില്‍ എത്തിച്ചേരുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നത്. പുളിങ്കുന്ന്, ആലപ്പുഴ (ഓഗസ്റ്റ് 18), കരുവാറ്റ, ആലപ്പുഴ (ഓഗസ്റ്റ് 28), കോട്ടപ്പുറം തൃശൂര്‍ (സെപ്തംബര്‍ ഒന്ന്), താഴത്തങ്ങാടി, കോട്ടയം (സെപ്തംബര്‍എട്ട്), പൂത്തോട്ട, എറണാകുളം (സെപ്തംബര്‍ 15), പിറവം, എറണാകുളം (സെപ്തംബര്‍ 22), കൈനകരി, ആലപ്പുഴ (സെപ്തംബര്‍ 29), കവണാറ്റിങ്കര, കോട്ടയം (ഒക്‌ടോബര്‍ ആറ്), മദര്‍ തെരേസ റേസ്, മാവേലിക്കര (ഒക്‌ടോബര്‍ 13), കായംകുളം, ആലപ്പുഴ (ഒക്‌ടോബര്‍ 20), കല്ലട, കൊല്ലം (ഒക്‌ടോബര്‍ 27), പ്രസിഡന്റ് ബോട്ട് ട്രോഫി കൊല്ലം (നവംബര്‍ ഒന്ന്) എന്നിങ്ങനെയാണ് മത്‌സരവും തീയതിയും. എല്ലാ മത്സരങ്ങളും ഉച്ചക്ക് ശേഷം 2.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ്. മൂന്ന് ടീമുകള്‍ വീതം പങ്കെടുക്കുന്ന മൂന്ന് ഹീറ്റ്‌സുകാളായി പ്രാഥമിക മത്സരങ്ങള്‍ നടക്കുകയും അതില്‍ മികച്ച സമയക്രമത്തില്‍ എത്തുന്ന മൂന്ന് വള്ളങ്ങളെ പങ്കെടുപ്പിച്ച് ഫൈനല്‍ മത്സരം നടത്തും. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളെ പങ്കെടുപ്പിച്ച് ലൂസേഴ്‌സ് ഫൈനല്‍ മത്സരം ഉണ്ടായിരിക്കും.
ഓരോ മത്സരത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10, ഏഴ്, നാല് എന്ന രീതിയില്‍ പോയിന്റുകള്‍ നല്‍കും. ലൂസേഴ്‌സ് ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മൂന്ന്, രണ്ട്, ഒന്ന് എന്ന രീതിയില്‍ പോയിന്റുകള്‍ നല്‍കും. ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ക്യൂമുലേറ്റീവ് പോയിന്റ് ടേബില്‍ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. നവംബര്‍ ഒന്നിനു കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് സമാപനം കുറിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനല്‍ വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രസിഡന്റ്‌സ് ട്രോഫി വേദിയില്‍ വിതരണം ചെയ്യും.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ നടത്തിപ്പിന് സംസ്ഥാനതല സംഘാടക സമിതിയുടെ രക്ഷാധികാരി മുഖ്യമന്ത്രിയും അധ്യക്ഷന്‍ ടൂറിസം വകുപ്പ് മന്ത്രിയും, ഉപാധ്യക്ഷന്‍ ധനകാര്യവകുപ്പ് മന്ത്രിയും, ടൂറിസം സെക്രട്ടറി കണ്‍വീനറും ആയിരിക്കും. ജില്ലാകളക്ടര്‍മാരും, എം.പിമാര്‍, എം.എല്‍.എമാര്‍, എസ്പിമാര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. വള്ളംകളി മത്സരം നടക്കുന്ന വേദികളിലെ പ്രാദേശിക സബ്കമ്മറ്റി അധ്യക്ഷന്‍ അതാത് പ്രദേശത്തെ എം.എല്‍.എയും, കണ്‍വീനര്‍ ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായിരിക്കും.
ചാമ്പ്യന്‍സ് ലീഗിന്റെ അഞ്ച് വര്‍ഷ കാലയളവിലെ ചുമതലയും നടത്തിപ്പിനുമായി ഇക്കാര്യത്തില്‍ പ്രാവീണ്യവും മുന്‍പരിചയമുള്ള എക്‌സിക്യൂട്ടീവ് സ്‌പോര്‍ട്ട്‌സ് മാനേജ്‌മെന്റ് ഏജന്‍സികളില്‍ നിന്നുമാത്രം അപേക്ഷ ക്ഷണിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. ഏജന്‍സികളുടെ അന്തിമ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ അനുമതിയ്ക്ക് വിധേയമായിരിക്കും. ഇതിനായി പ്രത്യേക കരാര്‍ ഉടമ്പടികള്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ അഡീഷണല്‍ ഡയറക്ടര്‍ മ്യൂണ്‍മയി ജോഷി എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.