കോവിഡ് പ്രതിസന്ധിയിലും നെല്ലുല്‍പാദനത്തില്‍ നൂറുമേനി കൊയ്‌തെടുത്ത് മലപ്പുറത്തിന്റെ നെല്ലറയായി മാറുകയാണ് വേങ്ങര. കൂട്ടായ പരിശ്രമത്തിലൂടെയും കൃഷിവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളൊടെയും കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നെല്‍കൃഷിയില്‍ വന്‍ കുതിച്ചുചാട്ടമാണ് വേങ്ങര നടത്തിയത്. പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി അഞ്ചുവര്‍ഷം കൊണ്ട് 1449 മെട്രിക് ടണ്‍ നെല്ലാണ് ഉല്‍പാദിപ്പിച്ചത്. 168 മെട്രിക് ടണ്‍ മാത്രമായിരുന്നു നേരത്തേയുണ്ടായിരുന്ന ഉല്‍പ്പാദനം.
38 നെല്‍കര്‍ഷകര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് സജീവമായുള്ളത് 288 പേര്‍. ഇതില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്നതും ശ്രദ്ധേയം. പഞ്ചായത്തിലെ 95 ശതമാനം തരിശുഭൂമിയും നെല്‍കൃഷിയ്ക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 100 ഹെക്ടറില്‍ താഴെമാത്രം നെല്‍കൃഷി ചെയ്തിരുന്ന പഞ്ചായത്തില്‍ ഇന്ന് 320 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നടത്തുന്നത്. ഇതില്‍ 200 ഹെക്ടര്‍ തരിശുഭൂമിയായിരുന്നു. പ്രദേശത്തെ ഭൂമി നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായതും കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളും സംവിധാനങ്ങളും വേഗത്തില്‍ ലഭ്യമാകുന്നതുമാണ് നെല്‍കൃഷിയിലെ വേങ്ങരയുടെ ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വേങ്ങര കൃഷി ഓഫീസര്‍ എം.നജീബ് പറഞ്ഞു.
കര്‍ഷകര്‍ക്ക് വേണ്ട വിത്തുകള്‍, വളങ്ങള്‍, മരുന്നുകള്‍ എന്നിവ നല്‍കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും വേണ്ട നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നതും കാര്‍ഷിക മേഖലയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ യുവകര്‍ഷകര്‍ക്ക് പ്രേരണയാകുന്നതായി കര്‍ഷകനായ ജാഫര്‍ ചെമ്പന്‍ പറഞ്ഞു.
ഭൂരിഭാഗം നിവാസികളും കൃഷിയെ ആശ്രയിക്കുന്ന വേങ്ങരയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ വലിയൊരുഭാഗവും കാര്‍ഷിക മേഖലയെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി കര്‍ഷകര്‍ക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് നൽകുന്നത് . കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് ഒരു കോടി രൂപയും പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.