നാഷണല്‍ റര്‍ബന്‍ മിഷന്റെ ഭാഗമായി വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും വിവിധ കുളങ്ങളുടെ നവീകരണ ഉദ്ഘാടനവും ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. റര്‍ബണ്‍ മിഷന്‍ പ്രകാരം വട്ടംകുളം പഞ്ചായത്തിലെ വിവിധ കുളങ്ങളായ വട്ടംകുളം, നാങ്കുളം, കാവുകുളം, കല്ലേകുളം, ചോലക്കുളം എന്നിവയുടെ നവീകരണ ഉദ്ഘാടനം, ആയുര്‍വേദ ആശുപത്രിയുടെ കെട്ടിടം നിര്‍മാണോദ്ഘാടനം, അങ്കണവാടി കെട്ടിട നിര്‍മാണോദ്ഘാടനം എന്നീ ഏഴ് പുതിയ പദ്ധതികള്‍ക്കാണ് തുടക്കമായത്.
പ്രവൃത്തി ഉദ്ഘാടന പരിപാടിയില്‍ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ മജീദ് അധ്യക്ഷനായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ നജീബ്, മന്‍സൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിപി ഷരീഫ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.