*മറക്കരുത് മാസ്‌കാണ് മുഖ്യം


നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ പൂർണ തോതിൽ തുറക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവർക്കും ആത്മവിശ്വാസത്തോടെ സ്‌കൂളിൽ പോകാം. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷിതാക്കളും പാലിക്കണം. വ്യാപനം കുറഞ്ഞെങ്കിലും കോവിഡിൽ നിന്ന് ഇപ്പോഴും മുക്തരല്ല. രോഗലക്ഷണങ്ങളുള്ളവർ സ്‌കൂളിൽ പോകരുത്. എന്തെങ്കിലും ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടണമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകൾ പൂർണമായും തുറക്കുന്ന സാഹചര്യത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.