സ്ഥാപനമാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ ചുവടുവയ്പുമായി കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിച്ചാണ് കയ്യൂര്‍ ചീമേനി പഞ്ചായത്ത് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്നത്. ഗ്രാമ പഞ്ചായത്ത് കാര്യാലയം, കുടുംബാരോഗ്യ കേന്ദ്രം, ചീമേനി ഗവണ്‍മെന്റ് മൃഗാശുപത്രി, ചീമേനി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലാണ് മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്തിലും മറ്റു അനുബന്ധ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാലിന്യപരിപാലന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലന്‍ പറഞ്ഞു. അതാതു സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ജീവനക്കാരെ മാലിന്യപരിപാലനകേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിയമിക്കും. നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനത്തിന് തയ്യാറായിരിക്കുന്ന മാലിന്യപരിപാലനകേന്ദ്രങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ.പി വത്സലന്‍ പറഞ്ഞു. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള മോസ്പിറ്റ്, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സൗകര്യം, അപകടകരമായ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള സൗകര്യം, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, കുപ്പികള്‍ എന്നിവ വേര്‍തിരിച്ചു പരിപാലിക്കുന്നതിനുള്ള സൗകര്യം എന്നിവ കേന്ദ്രത്തിലുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം കത്തിച്ചു കളയാന്‍ സാധിക്കുന്ന ഇന്‍സിനേറ്റര്‍ സജ്ജീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കയ്യൂര്‍ ചീമേനി പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. മാലിന്യമുക്ത കേരളത്തിനായി തദ്ദേശ സ്ഥാപനങ്ങളെ ഒരുക്കുന്ന ശുചിത്വ മിഷന്‍ ഫണ്ടില്‍ നിന്നാണ്് മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ക്കുള്ള ഫണ്ട് വകയിരുത്തിയത്. നാലു ലക്ഷം രൂപയാണ് ഒരു മാലിന്യ പരിപാലന കേന്ദ്ര നിര്‍മാണത്തിനായി ചിലവായത്.
