രൂക്ഷമായ ഭൂജലശോഷണം നേരിടുന്ന കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജലത്തില്‍ അളവില്‍ വര്‍ധനവുള്ളതായി ഭൂജല വകുപ്പിന്റെ കണ്ടെത്തല്‍. ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി ജലനിരപ്പ് താരതമ്യം ചെയ്യുമ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തിയതായി ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ ഇന്‍ചാര്‍ജ് ഒ. രതീഷ് അറിയിച്ചു. 2019 ലെ കണക്കുകള്‍ നോക്കുമ്പോഴും ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജില്ലയില്‍ വിവിധ ബ്ലോക്കുകളിലെ 67 കിണറുകളിലാണ് ഭൂഗര്‍ഭജല വകുപ്പ് നിരീക്ഷണം നടത്തിവരുന്നത്. ഇതില്‍ 83 ശതമാനം കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ കണക്കെടുപ്പില്‍ 56 നിരീക്ഷണകിണറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതായി കാണാന്‍ സാധിച്ചു. ശരാശരി പത്തു സെന്റിമീറ്റര്‍ മുതല്‍ മൂന്നര മീറ്റര്‍ വരെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കാറഡുക്ക ബ്ലോക്ക് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയിലാണ് ഭൂഗര്‍ഭജലത്തിന്റെ അളവില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 3.452 മീറ്റര്‍ ഭുഗര്‍ഭ ജലത്തിന്റെ വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതുപോലെ കാസര്‍കോട് ബ്ലോക്കിലെ ബദിയടുക്കയില്‍ 2.841 മീറ്ററിന്റെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഇതിനു കാരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്നത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ലഭിക്കുന്ന മഴയും ജില്ലയിലെ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടത്തിവന്നിരുന്ന ജലസംരക്ഷണപ്രവര്‍ത്തനങ്ങളുമാണ്.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭൂഗര്‍ഭജല വകുപ്പിന്റെ നേതൃത്വത്തില്‍ ജല സംപോഷണവും പരിപോഷണവും എന്ന പേരില്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങളും ഇതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കിണര്‍ റീച്ചാര്‍ജിംഗ് പ്രവര്‍ത്തനങ്ങള്‍, ചെക്ക്ഡാം നിര്‍മാണം, റീചാര്‍ജിംഗ് പിറ്റ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഭൂഗര്‍ഭജലത്തിന്റെ അളവിലെ വര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. അതുപോലെ ജലശക്തി അഭിയാന്റെ ഭാഗമായി നടത്തിയ ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ കുളം നിര്‍മാണം എന്നിവയും ജലവര്‍ധനയ്ക്ക് സഹായിച്ചു. എന്നാല്‍ മറ്റു പതിനൊന്നു സ്ഥലങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. മഞ്ചേശ്വരം ബ്ലോക്കിലെ വോര്‍ക്കാടി പഞ്ചായത്തില്‍ ഭൂഗര്‍ഭ ജലത്തില്‍ 2.934 മീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാറഡുക്ക ബ്ലോക്കിലെ കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്കയില്‍ 2.754 മീറ്ററിന്റെ കുറവുണ്ട്്. ഈ മേഖലകളില്‍ രൂക്ഷമായ ഭൂജല പ്രശ്നം നിലനില്‍ക്കുകയാണ്. വോര്‍ക്കാടിയില്‍ നടക്കുന്ന ഭൂജല ചൂഷണത്തിന്റെ ഫലമാണ് ഭൂഗര്‍ഭജലത്തിന്റെ അളവിലുണ്ടായ കുറവിനുകാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
56 കിണറുകളും 21 കുഴല്‍കിണറുകളിലുമാണ് ഭൂജലവകുപ്പ് നിലവില്‍ നിരീക്ഷണം നടത്തിവരുന്നത്. ജലസംരക്ഷണമേഖലയിലെ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി 48 പുതിയ കിണറുകള്‍ കൂടി നിരീക്ഷണത്തിനു വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. സ്‌കൂളുകള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ കിണറുകളാണ് നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ കിണറുകളിലെ ജലനിരപ്പ് ഓരോമാസവും നിരീക്ഷിക്കും. കഴിഞ്ഞ മൂന്നു വര്‍ഷം ജില്ലാ ഭരണ സംവിധാനം തദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലനയത്തിന് രൂപം നല്‍കി. മുന്‍ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച് നിലവിലെ കളക്ടര്‍ ഭണ്ടാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഐ എ എസിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ജല സംരക്ഷണപ്രവര്‍ത്തനങ്ങളുടെ നേട്ടമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂജലശോഷണം നേരിടുന്ന ക്രിട്ടിക്കല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കു പരിധിയില്‍ ഉള്‍പ്പടെ ജലനിരപ്പ് ഉയരാന്‍ സഹായകമായത്.
ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ പഠനത്തില്‍ ഭൂജല ഉപഭോഗത്തിനെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ വിവിധ ബ്ലോക്കുകളെ സേഫ്, സെമി ക്രിട്ടിക്കല്‍, ക്രിട്ടിക്കല്‍ ഓവര്‍ എക്സപ്ലോയിറ്റഡ് എന്നായി നാലാക്കി തിരിക്കുന്നു. ഇതില്‍ കാസര്‍കോട്് ജില്ലയിലെ കാസര്‍കോട് ബ്ലോക്ക് ക്രിട്ടിക്കല്‍ ഗണത്തിലും കാറഡുക്ക, കാഞ്ഞങ്ങാട്, മഞ്ചേശ്വരം ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കല്‍ ഗണത്തിലും പെടുന്നു. നീലേശ്വരം, പരപ്പ ബ്ലോക്കുകള്‍ സേഫ് കാറ്റഗറിയിലും പെടുന്നു. കാസര്‍ഗോഡ് ബ്ലോക്കിലെ ഭൂഗര്‍ഭ ജലലഭ്യതയുടെ 97.3 ശതമാനം ഉപയോഗം നടക്കുന്നുവെന്നാണ് 2017 ലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ കണക്കില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ഭൂജല വകുപ്പിന്റെ ഈ കണ്ടെത്തല്‍ നല്‍കുന്ന സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.