ദേവികുളങ്ങര- കണ്ടല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ കടവ് പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഭാരപരിശോധനയും, അപ്രോച്ച് റോഡിന്റെ നിര്‍മാണവും നേരത്തെ പൂര്‍ത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ ഇരുവശത്തും ടൈല്‍ പാകുന്നതും പെയിന്റിംഗ് ഉള്‍പ്പടെയുള്ള മറ്റു ജോലികളും പൂര്‍ത്തിയായി. ഇന്റഗ്രല്‍ ബ്രിഡ്ജ് മാതൃകയിലാണ് നിര്‍മാണം. 318 മീറ്റര്‍ നീളമുള്ള പാലത്തിന് 19 സ്പാനുകളാണുള്ളത്. 40 കോടി രൂപയാണ് നിര്‍മാണച്ചെലവ്. കായംകുളം കായലിന് കുറുകെയുള്ള പാലം തുറക്കുന്നതോടെ കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ദേവികുളങ്ങര, കണ്ടല്ലൂര്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ദീര്‍ഘനാളത്തെ യാത്രാക്ലേശം പഴങ്കഥയാകും. പാലത്തിന്റെ വേറിട്ട രൂപകല്‍പ്പനയും പാലത്തില്‍ നിന്നുള്ള കായല്‍ക്കാഴ്ച്ചകളും മേഖലയിലേക്ക് വിനോദസഞ്ചാരകളെ ആകര്‍ഷിക്കുകയും ചെയ്യും.