വയോജനപരിപാലനം, ആരോഗ്യമുള്ള ജനത, പശ്ചാത്തലവികസനം എന്നീ മേഖലകളില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗ്രാമപഞ്ചായത്താണ് കയ്യൂര്‍ ചീമേനി . നിലവില്‍ അവര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുതുതായി പഞ്ചായത്തിന്റെ വികസനത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍ പങ്കുവയ്ക്കുന്നു.

വയോജന ക്ലബ്

വയോജനങ്ങള്‍ക്ക് വേണ്ടി വയോജന ക്ലബ് രൂപീകരിച്ചു. 16 വാര്‍ഡുകളിലും വയോജന സംഗമവും മെഡിക്കല്‍ ക്യാമ്പും നടത്തി. അടുത്തതായി പഞ്ചായത്ത്തല വയോജന സംഗമം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് അതിനുള്ള പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ 250 ഓളം വരുന്നകിടപ്പുരോഗികള്‍ക്ക് വീടുകളില്‍ പോയി പുതപ്പുവിതരണവും അവര്‍ക്ക് ആവശ്യമായ ഭക്ഷണകിറ്റുവിതരണവും നടത്തുന്നു. കിടപ്പുരോഗികള്‍ക്കും ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് വേണ്ട മരുന്നും മറ്റു സൗകര്യങ്ങളും പ്രത്യേകപദ്ധതിയിലൂടെ നല്‍കുന്നു.

ക്ഷയരോഗികള്‍ക്ക് എല്ലാമാസവും ഭക്ഷണകിറ്റ്

നാലുമാസമായി ക്ഷയരോഗികള്‍ക്ക് എല്ലാമാസവും ഭക്ഷണകിറ്റ് നല്‍കിവരുന്നു. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി 60 വയസുകഴിഞ്ഞവര്‍ക്കുള്ള ആയുര്‍വേദമരുന്നു വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചിരിക്കുകയാണ്. അലോപ്പതി മാത്രമല്ല ആയുര്‍വേദവും ഹോമിയോപ്പതിയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു രോഗപ്രതിരോധപ്രവര്‍ത്തനവും സമ്പൂര്‍ണ ആരോഗ്യം കൈവരിക്കാനുള്ള ഇടപെടലുമാണ് ഇതുവഴി പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 18 ഓളം പ്രൊജക്ടുകള്‍ ആരോഗ്യമേഖലയില്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നു.

മുകുളം

കൗമാരക്കാരായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് കുമാരി-കുമാര സംഗമവും മുകുളം എന്ന പേരില്‍ അവര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും നടത്തി. അവരുടെ ശാരീരികമാനസിക പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കി പരിഹാരം കണ്ടെത്താനുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

ഹമാരെ മെഹ്‌മാന്‍

ഹമാരെ മെഹ്‌മാന്‍ എന്ന പേരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പും അവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന പരിപാടിയും സംഘടിപ്പിച്ചു നാലോളം ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തിയാണ് ക്യാമ്പുകള്‍ നടത്തിയിട്ടുള്ളത്.

ആരോഗ്യസേന

അതുപോലെ വാര്‍ഡ് അടിസ്ഥാനത്തില്‍ 25 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടൊരു ആരോഗ്യസേന രൂപികരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കിടപ്പുരോഗികള്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും സ്ഥിരം സഹായം വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി വിവിധ മേഖലയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പരിശീലനം നല്‍കിയാണ് ആരോഗ്യസേന രൂപീകരിക്കുന്നത്. അവര്‍ക്കുള്ള പരിശീലനം ആരോഗ്യവകുപ്പുമായി ചേര്‍ന്നുകൊണ്ട് നടത്തും.

വ്യായാമക്ലബ്

സ്ത്രീകള്‍ക്കുവേണ്ടിയുള്ള വ്യായാമ ക്ലബുകള്‍ ഓരോ വാര്‍ഡിലും ആരംഭിക്കാന്‍ പോകുകയാണ്. നടത്തക്കൂട്ടം, എയ്റോബിക്സ്, ഡാന്‍സ് ഉള്‍പ്പടെയുള്ള പരിപാടികളാണ് ക്ലബിന്റെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.

ടൂറിസം സര്‍ക്യൂട്ട്

ടൂറിസവുമായി ബന്ധപ്പെട്ട് വലിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റുന്ന പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചായത്തിനെ വില്ലേജ് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ പറ്റുന്ന പഞ്ചായത്താണ്. പാലായി ഷട്ടര്‍കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തതുകൂടി കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഒരു കയാക്കിംഗ് പാര്‍ക്ക് പാലായി ക്ഷേത്രക്കുളത്തിനു സമീപം ആരംഭിച്ചിരിക്കുകയാണ്. അതുപോലെ ഒരു ജൈവഉദ്യാനവും ശലഭോദ്യാനവും നാലിലാംകണ്ടം സ്‌കൂള്‍ കേന്ദ്രീകരിച്ച് ഒരുങ്ങിവരുന്നു. ഇവയെ കോര്‍ത്തിണക്കികൊണ്ടൊരു ടൂറിസം പദ്ധതിയും. പഞ്ചായത്തിലെ ചരിത്രപരമായ പോരട്ടങ്ങളെയും ചരിത്രത്തെയും ഉള്‍പ്പെടുത്തി ഒരു ചരിത്ര മ്യൂസിയം സ്ഥാപിക്കാനാവശ്യമായ പ്രവര്‍ത്തനവും അതോടൊപ്പം പഞ്ചായത്തിലെ വിവിധ ഉത്സവങ്ങളെ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയും പഞ്ചായത്തിന്റെ ലക്ഷ്യമാണ്. ചീമേനി ഉത്സവം പോലെ ലക്ഷകണക്കിനാളുകള്‍ വന്നുപോകുന്ന ഉത്സവങ്ങള്‍ നടക്കുന്ന വിവിധ ക്ഷേത്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇവയെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു പഠനകേന്ദ്രം കൂടി രൂപികരിച്ചുകൊണ്ടൊരു ഒരു ടൂറിസം പദ്ധതിരൂപീകരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
തിമിരി കൊളത്തുവയലില്‍ പഞ്ചായത്തിന്റെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുളം സംരംക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതി ആസൂത്രണം ചെയ്തുവരുന്നു. പഞ്ചായത്തിലെ പ്ലാന്റേഷന്‍ മേഖല മയിലുകളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. . അതുപോലെ വടക്കുംനാഥന്‍ സിനിമ ഷൂട്ടു ചെയ്ത പോത്താംകണ്ടം അരിയിട്ടപാറ ഇപ്പോള്‍തന്നെ മോഹന്‍ലാല്‍പാറ എന്നറിയപ്പെടുകയും ധാരാളം ആളുകള്‍ ഇവിടെയെത്തുകയും ചെയ്യുന്നുണ്ട്. ഈ മേഖലയെ കേന്ദ്രീകരിച്ചും അതോടൊപ്പം വിവിധ കാവുകളെ കേന്ദ്രീകരിച്ചും പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. അതുപോലെ മുസ്ലീം സമുദായത്തിന്റെ ആരാധനാ കേന്ദ്രങ്ങളായ മുത്തുപ്പാറ, പള്ളിപ്പാറ മഖാം കേന്ദ്രീകരിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുത്തി ഒരു ടൂറിസം സര്‍ക്ക്യൂട്ട് രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് പഞ്ചായത്ത് കടക്കാന്‍ പോകുന്നത്.

മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍

പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട നിലയിലാണ്. കയ്യൂര്‍ ചീമേനിപഞ്ചായത്തിനെയും സമീപപഞ്ചായത്തുകളെയും ബന്ധപ്പെടുത്തികൊണ്ട് എട്ടോളം റോഡുപാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്. അതിനാല്‍തന്നെ മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങള്‍ പഞ്ചായത്തിലുണ്ട്. അതുകൊണ്ട് ഇവിടേക്ക് ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതരത്തിലുള്ള മേഖലയാണ്. ഇതും ടൂറിസം പദ്ധതികള്‍ക്ക് സഹായകമാകും.

എസ് സി/എസ്ടി മേഖലയില്‍ മികച്ചപ്രവര്‍ത്തനങ്ങള്‍

എസ് സി എസ്ടി മേഖലയില്‍ കുട്ടികള്‍ക്ക് പഠനമുറി, ഡിഗ്രീ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ വിതരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി. അതുപോലെ അവര്‍ക്ക് വൈദ്യുതിസഹായത്തിന്റെ ഭാഗമായി അവരുടെ എസ് സി ഭവനങ്ങളില്‍ ഇഎല്‍സിബി സ്ഥാപിച്ചു നല്‍കി. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ ഫര്‍ണിച്ചറുകള്‍ നല്‍കി. അതുപോലെ ഭവനപുനരുദ്ധാരണപ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

53 കോടി രൂപയുടെ കുടിവെള്ള പദ്ധതി

പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 53 കോടിരൂപയുടെ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട് അതിന്റെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്.

ചീമേനി ഹൈസ്‌കൂള്‍ സ്റ്റേഡിയം

കായികമേഖലയില്‍ നിരവധി ക്ലബുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് ഒരു പ്രോത്സാഹനം എന്നനിലയില്‍ ചീമേനി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സഹായത്തോടെ ഒരു സ്റ്റേഡിയം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.

ചീമേനി ഫയര്‍ സ്റ്റേഷന്‍-ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ട്

ദുരന്തനിവാരണമേഖലയ്ക്ക് മുതല്‍കൂട്ടായി ഒരു ഫയര്‍ സ്റ്റേഷന്‍ ചീമേനിയില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്. ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പോലീസ് സ്റ്റേഷനുകള്‍ കയ്യൂര്‍, ചീമേനി സ്‌കൂളുകളിലെ എസ്പിസി യൂണിറ്റുകള്‍, എംജിനീയറിംഗ് കോളജ് ഐഎച്ച്ആര്‍ഡി കോളജ്, ഐടിഐ എന്നിവിടങ്ങളിലെ എന്‍എസ്എസ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിനെ കൂടി ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനത്തിലേക്ക് പഞ്ചായത്ത് കടക്കും.

ചീമേനി വ്യവസായ പാര്‍ക്ക്

കേരള സംസ്ഥാന സര്‍ക്കാര്‍ ചീമേനിയില്‍ അനുവദിച്ചിട്ടുള്ള ചീമേനി വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.

പച്ചക്കറി സ്വയം പര്യാപ്തത ലക്ഷ്യം

കാര്‍ഷികമേഖലയില്‍ നെല്‍കൃഷി വര്‍ധിപ്പിക്കാനും പച്ചക്കറികൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കയ്യൂര്‍ മേഖലയില്‍ വലിയതോതില്‍ പച്ചക്കറികൃഷി നടത്തിവരുന്നു. ഇത്തരത്തില്‍ പച്ചക്കറി, പാല്‍, മുട്ട ഉദ്പാദനത്തില്‍ സ്വയംപര്യാപ്തത എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.

ടേക്ക് എ ബ്രേക്ക്

പ്രൊജക്ടിന്റെ ഭാഗമായ നാലു വില്ലേജിലും വഴിയിടങ്ങള്‍ ആരംഭിക്കും. കയ്യൂരില്‍ പൂര്‍ത്തിയായിട്ടുണ്ട്. ചീമേനി, ചെമ്പ്രക്കാനം എന്നിവിടങ്ങളില്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന്‍ പറഞ്ഞു.