ഭരണസംവിധാനം എന്നതിനപ്പുറം സാധാരണക്കാരന്റെ സഹായ സംവിധാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരള തദ്ദേശകം-2022 പര്യടനം എറണാകുളം കറുകുറ്റി ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദിശാബോധമുള്ള ഭാവിയിലേക്കുള്ള മുന്നേറ്റമാണ് കേരളത്തിൽ സാധ്യമാക്കുന്നത്. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ച് വർഷക്കാലത്തെ അനുഭവങ്ങളിൽ നിന്ന് കൂടുതൽ മുന്നോട്ടുപോകാൻ സാധിക്കണം. ജനങ്ങൾക്ക് സേവനമെത്തിക്കുക എന്ന നിലയിൽനിന്ന് തൊഴിൽ ദാതാവ് എന്ന രൂപത്തിലേക്ക് തദ്ദേശസ്ഥാപനങ്ങൾ മാറണം. സാധരണക്കാരന്റെ താൽപ്പര്യം സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. നിയമങ്ങൾ പാവപ്പെട്ടവന് വേണ്ടി എങ്ങനെ കെെകാര്യം ചെയ്യാം എന്നാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും ആയിരത്തിൽ അഞ്ചുപേർക്ക് എന്ന രീതിയിൽ തൊഴിൽ നൽകാൻ സാധിക്കണം. അത്തരം തൊഴിലുകൾ സുസ്ഥിരമായിരിക്കണം. ഇതിനാവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കണം. കുടുംബശ്രീയിൽ പുതിയ തലമുറയെ ആകർഷിക്കുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സംരംഭകത്വ പ്രവർത്തനങ്ങൾ നടക്കുമ്പോൾ നിസ്സാരകാരണം പറഞ്ഞ് മടക്കരുതെന്നും മന്ത്രി പറഞ്ഞു.

എങ്ങനെ ആനുകൂല്യം കൊടുക്കാതിരിക്കാം എന്ന ചിന്ത മാറണം. ഏറ്റവും പാവപ്പെട്ടവർക്കും വീട് ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ ഉൾപ്പെടുത്തി ഇത്തരം വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാവണം. അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. ഇത് നിലവിൽ ഇന്ത്യയിൽ കേരളത്തിന് മാത്രം ആലോചിക്കാൻ സാധിക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

ആളോഹരിവരുമാനം കുറവാണെങ്കിലും ഏറ്റവും ഗുണമേന്മയുള്ള ജീവിതം നയിക്കുന്നവരുടെ നാടാണ് കേരളം.
കേരളത്തെ സമ്പൂർണ്ണ സന്തുഷ്ട സംസ്ഥാനമായി മാറ്റാൻ ശ്രദ്ധിക്കണം.
ഇതിനായി ശുചിത്വത്തിന്റെ കാര്യത്തിൽ നല്ല ഇടപെടൽ ആവശ്യമാണ്. അമൃത് പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ളം, ദ്രവമാലിന്യ സംസ്കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതം പൂർണമായും ലഭ്യമാക്കാനും ലൈഫ് പദ്ധതി ഉൾപ്പെടെ പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കാനും സാധിച്ചു. സാമൂഹിക ജീവിതത്തിന്റെ ഭാഗമായി ഓരോ നിമിഷവും മനുഷ്യൻ നവീകരിക്കപ്പെടുകയാണ്. ആ നവീകരണത്തിനുള്ള പ്രധാന ഉപാധിയാണ് തദ്ദേശസ്ഥാപനങ്ങൾ.
പദ്ധതിവിഹിതം ചെലവഴിക്കൽ കുറഞ്ഞ പഞ്ചായത്തുകളുമായി നേരിട്ട് സംവദിക്കാൻ സാധിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോടെ ആ പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് അവർ ഉറപ്പു തന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളാണ് യഥാർത്ഥ യജമാനന്മാരെന്ന് മനസ്സിലാക്കണം.
വർത്തമാന കാലത്തെ മികവ് പ്രയോജനപ്പെടുത്തി ഭാവിയിലേക്ക് കുതിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സാധിക്കണം. സർവതല സ്പർശിയായ നവീകരണം കേരളത്തിൽ സാധ്യമാക്കണമെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

ശുചിത്വമിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം ‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ചടങ്ങിൽ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സംയോജിത തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എസ്. ബാലമുരളി, പഞ്ചായത്ത് ഡയറക്ടർ എസ്. ദിനേശൻ, ജില്ലാ കളക്ടർ ജാഫർ മാലിക്, തദ്ദേശ സ്വയംഭരണ വകുപ്പ്, എറണാകുളം ജില്ല ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ആലുവ നഗരസഭ ചെയർമാൻ എം. ഒ ജോൺ, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ ചന്ദ്രശേഖരൻ നായർ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. എം ബഷീർ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.