തിരുവനന്തപുരം വെള്ളായണി, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സ്‌പോര്‍ട്‌സ് സെലക്ഷന്‍ ട്രയല്‍ മാര്‍ച്ച് 11 വെള്ളിയാഴ്ച രാവിലെ 9.30 ന് വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടത്തും. അഭിരുചിയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 5, 11 ക്‌ളാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളിനോടൊപ്പമുള്ള ഹോസ്റ്റലുകളില്‍ താമസിച്ച് +2 വരെ പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്. മുഴുവന്‍ ചെലവുകളും പട്ടികജാതി വികസന വകുപ്പ് വഹിക്കും. 4,10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. 5-ാം ക്‌ളാസിലേക്ക് പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 11-ാം ക്ലാസിലേക്ക് പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കും.