ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി വാടത്തോട് നിർമ്മിക്കുന്ന ജലസംഭരണിയുടെ നിർമാണം പൂർത്തിയായി.
ചേരാനെല്ലൂർ പഞ്ചായത്തിന്റെയും
കൊച്ചി നഗരസഭയുടെയും അതിർത്തിയിലാണ് സംഭരണി നിർമ്മിച്ചത്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്.

സർക്കാരിന്റെ നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. 7.75 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സംഭരണിക്ക് 15 ലക്ഷം ലിറ്റർ സംഭരണശേഷിയുണ്ട്. ഉയരത്തിലുള്ള വാട്ടർ ടാങ്കിന് പുറമെ രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുണ ഭൂതല വാട്ടർ ടാങ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംഭരണിയുടെ ബലപരിശോധന ഉൾപ്പടെ പൂർത്തിയായി.

ആലുവ – തമ്മനം 1,200 എം.എം പൈപ്പിൽ നിന്നായിരിക്കും വാട്ടർ ടാങ്കിലേക്ക് ജലമെത്തിക്കുന്നത്. ഇതിനായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. നിലവിൽ മൂന്ന് കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. ബാക്കി ഭാഗത്ത് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പൈപ്പിടൽ ജോലികൾ പൂർത്തിയാകുന്നതോടെ ജല വിതരണം ആരംഭിക്കാൻ സാധിക്കും.