കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ വനിതകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്ന ‘ഷീ ഹാപ്പി’ പദ്ധതിയുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗത്തെ സംബന്ധിച്ചാണ് ക്ലാസ്സ് നടത്തിയത്. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് കമ്പനിയിലെ ഡോ.അമൃത പരിശീലന ക്ലാസിന് നേതൃത്വം നൽകി.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രണ്ടായിരത്തില്‍പരം വനിതകള്‍ക്കാണ് ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രാഥമിക ആരോഗ്യകേന്ദ്രം വഴി മെന്‍സ്ട്രുവല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെയും സാനിറ്ററി പാഡുകള്‍ മൂലമുണ്ടാകുന്ന മാലിന്യപ്രശ്‌നത്തെയും മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചത്.
കുറുപ്പുംപടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം സലീം, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.ജെ ബാബു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ അനു അബീഷ് എന്നിവര്‍ പങ്കെടുത്തു.