കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയതോട് ജനപങ്കാളിത്തത്തോടെ ശുചീകരിക്കുന്നു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് തോട് വൃത്തിയാക്കുന്നത്. കിളിമാനൂർ, മടവൂർ, നഗരൂർ ഗ്രാമ പഞ്ചായത്തുകളിലെ 25 വാർഡുകളിലൂടെ ഒഴുകുന്ന വലിയതോടിന്റെ ഭാഗങ്ങൾ ശുചീകരിക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള ‘പുഴ നടത്തം’ മാർച്ച് 10ന് രാവിലെ 9 ന് നടക്കും.

കൈലാസംകുന്ന്, കിടാരക്കുഴി,വാഴമൺ, വെള്ളല്ലൂർ, നഗരൂർ, മൂഴിത്തോട്ടം കടന്ന് വാമനപുരം നദിയിൽ പതിക്കുന്ന കൈതോടുകൾ ഉൾപ്പെടുന്ന 48 കിലോമീറ്ററാണ് ശുചീകരിക്കുന്നത്. ഇതിനായി പ്രദേശവാസികളെ ഉൾപ്പെടുത്തി സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, ജലസേചന വകുപ്പ്, മണ്ണു സംരക്ഷണ വകുപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, വ്യവസായം തുടങ്ങി 15 ഓളം വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ ഭാഗമാകും.

ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടക്കുന്ന നഗരൂർ പഞ്ചായത്തിൽ വലിയതോട് ശുചീകരണം പ്രദേശത്തെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിലൂടെ 2,912 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുകയും 84 കുളങ്ങൾ നവീകരിക്കപ്പെടുകയും ചെയ്യും.

നഗരൂർ ജങ്ഷനിൽ നിന്ന് തുടങ്ങുന്ന പുഴനടത്തത്തിൽ നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ.ടി.എൻ സീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, അടൂർ പ്രകാശ് എം.പി, ഒ.എസ്.അംബിക എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ – സാംസ്‌കാരിക മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.