സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വ്വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വേ നടപടികളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം ആരംഭിക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വേ നാലു ഘട്ടങ്ങളായി നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഭൂമിയുടെ പ്രത്യേകത അനുസരിച്ച് കോര്‍സ്, റഡാര്‍, ഇ.റ്റി.എസ് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. റീസര്‍വ്വേയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പൂര്‍ണ സഹകരണം വേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും തീര്‍പ്പാകും. റീസര്‍വ്വേ സംബന്ധിച്ച് അടിസ്ഥാനമില്ലാത്ത പല ആശങ്കളും ജനങ്ങള്‍ക്കുണ്ട്. ഇത് പരിഹരിക്കുന്നതിന് പ്രാദേശിക തലം മുതല്‍ ജില്ലാ തലം വരെ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് ബോധവത്ക്കരണം നടത്തും.
റീസര്‍വ്വേ വേളയില്‍ ഭൂമിയുടെ രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി നല്‍കുക, ഭൂമിയുടെ അതിരുകള്‍ വ്യക്തമായി കാണുന്ന വിധം കാടുവെട്ടി തെളിക്കുക, പരിശോധനാ സമയത്ത് രേഖകള്‍ പരിശോധിച്ച് തെറ്റില്ലെന്നു ഉറപ്പ് വരുത്തുക, തെറ്റുകള്‍ കണ്ടാല്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ജനങ്ങളെ ബോധവത്ക്കരിക്കുകയെന്ന് മന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ റീസര്‍വ്വേയുടെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിന് തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ സജീവ ഇടപെടല്‍ വേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.
പ്രധാനമായും കോര്‍സ് സംവിധാനം (കണ്ടിന്യൂവസ്ലി ഓപ്പറേറ്റിംഗ് റെഫറന്‍സ് സ്റ്റേഷന്‍) ഉപയോഗിച്ചാണ് ഡിജിറ്റല്‍ റീസര്‍വ്വേ നടത്തുന്നത്. സാറ്റലൈറ്റ് സിഗ്‌നലുകളുടെ സഹായത്തോടെ ഒരു സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം നിര്‍ണയിക്കുന്നത്തിനുള്ള സ്ഥിരമായ ജി.പി.എസ് സ്റ്റേഷനുകളാണ് കോര്‍സ്. 28 കോര്‍സുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുക.
സംസ്ഥാനത്തെ 1666 വില്ലേജുകളില്‍ 89 വില്ലേജുകളിലെ ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 27 വില്ലേജുകളില്‍ ഇത് പുരോഗമിക്കുകയാണ്. 1550 സ്ഥലത്താണ് ഇനി റീസര്‍വ്വേ നടത്താനുള്ളത്. ആലപ്പുഴ ജില്ലയിലെ 93 വില്ലേജുകളില്‍ നാലിടത്ത് ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കി. രണ്ടിടത്ത് സര്‍വേ പുരോഗമിക്കുക്കുന്നു. നാല് വര്‍ഷം കൊണ്ട് ബാക്കിയുള്ള 87 വില്ലേജുകളിലും പൂര്‍ത്തിയാക്കും. ആദ്യ വര്‍ഷം 16, രണ്ടാം വര്‍ഷം 25, മൂന്നാം വര്‍ഷം 24, നാലാം വര്‍ഷം 22 വില്ലേജുകള്‍ എന്നിങ്ങനെയാണ് ജില്ലയില്‍ റീസര്‍വ്വേ നടത്തുക.
റീസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ സര്‍വ്വേ, റവന്യൂ, രജിസ്ട്രഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഒറ്റ പോര്‍ട്ടല്‍ മുഖേന ഭൂസംബന്ധമായ നടപടി സുതാര്യമാക്കും. പോക്കുവരവ് ഉള്‍പ്പെടെയുള്ള നടപടികള്‍ കുറ്റമറ്റതാക്കാന്‍ ഇത് സഹായകമാകും. ഭൂമിയുടെ അവകാശികള്‍ക്ക് കൃത്യമായ രേഖ നല്‍കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകും-മന്ത്രി പറഞ്ഞു.
സര്‍വ്വേ ഡയറക്ടര്‍ എസ്. സാംബശിവ റാവു വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലയിലെ എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.