വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും സര്‍ക്കാരിന്റെ കൂടി കടമയും ഉത്തരവാദിത്തവുമാണ്. മൃഗങ്ങളെ പോറ്റിവളര്‍ത്തുന്ന കര്‍ഷകരുടെ വീട്ടുപടിക്കല്‍, അടിയന്തര സന്ദര്‍ഭങ്ങളില്‍ മൃഗചികിത്സ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റുകള്‍. കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് നിലവില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ 12 വെറ്ററിനറി സര്‍ജറി ആംബുലന്‍സുകള്‍ കൂടി റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പില്‍ വരുത്തുന്നതിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു.
രോഗ ബാധിതരായ മൃഗങ്ങളെ ചികിത്സ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും മൃഗചികിത്സാ രംഗത്ത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കൂടാതെ മൃഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് രോഗനിര്‍ണയത്തിന്റെ അഭാവം പലസമയത്തും ഉണ്ടാകുന്നുണ്ട്. ഇതിന് ശാശ്വതപരിഹാരം വേണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ടെലി വെറ്ററിനറി യൂണിറ്റ് സംവിധാനം നടപ്പാക്കുന്നത്.
ആദ്യം തുടങ്ങിയ മൂന്ന് ടെലിവെറ്ററിനറി യൂണിറ്റുകള്‍ മൊബൈല്‍ സര്‍ജറി യൂണിറ്റുകളായി പരിഷ്‌കരിച്ച്, ആധുനിക സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷന്‍ തിയറ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനമായിട്ടുണ്ട്. ചെറുതും വലുതുമായ മൃഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ കര്‍ഷകര്‍ക്ക് ഇ-സമൃദ്ധ ആപ്പ് മുഖേന ബുക്ക് ചെയ്യാം. ഒരു പ്രത്യേക പ്രദേശത്ത് നിന്ന് 5 മുതല്‍ 6 വരെ ബുക്കിംഗുകള്‍ ശേഖരിച്ചുകഴിഞ്ഞാല്‍, ശസ്ത്രക്രിയയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് അടയ്ക്കാന്‍ കര്‍ഷകനെ അറിയിക്കുകയും ചെയ്യും. മുന്‍കൂട്ടി നിശ്ചയിച്ച തീയതിയിലും സമയത്തിലും യൂണിറ്റ് തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എത്തുകയും ഐച്ഛിക ശസ്ത്രക്രിയ നടത്തുകയും ചെയ്യും. കേസിന്റെ അടിസ്ഥാനത്തില്‍ അടിയന്തര കോള്‍ ലഭിച്ചാല്‍ അത് പരിഗണിക്കും.
ഓരോ യൂണിറ്റിന്റെയും പ്രവര്‍ത്തനത്തിനായി ഒരു വെറ്ററിനറി സര്‍ജനുള്‍പ്പടെയുള്ള മൂന്ന് ജീവനക്കാരെയാണ് നിയോഗിച്ചിട്ടുളളത്. മൃഗസംരക്ഷണവകുപ്പിന്റെ ആവശ്യാനുസരണം കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ CDAC (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്) ആണ് സഞ്ചരിക്കുന്ന ടെലിവെറ്ററിനറി യൂണിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ രാത്രിയിലും കുറഞ്ഞ ചെലവില്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ സമയബന്ധിതമായി നല്‍കാനാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി സംസ്ഥാനതലത്തില്‍ 12 യൂനിറ്റുകള്‍ കൂടി വ്യാപിപ്പിക്കുന്നതിലുടെ മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.