മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള ആലപ്പുഴ ജില്ലാതല ആഘോഷ പരിപാടി മാര്‍ച്ച് 13ന് ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്നു നടത്തുന്ന പരിപാടി വൈകുന്നേരം നാലിന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കും.

ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ 10 മുതല്‍ ചെങ്ങന്നൂര്‍ താലൂക്കിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ദേശഭക്തി ഗാന മത്സരം നടക്കും. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ആസാദി ക രംഗോലി ചരിത്ര ചിത്രരചനാ ക്യാമ്പില്‍ തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ആഘോഷ വേദിയില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ ചിത്രകാരന്മാരും മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഡ്വ. പ്രദീപ് പാണ്ടനാടും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുമേളയും വൈകുന്നേരം ഏഴിന് കെ.പി.എ.സിയുടെ മരത്തന്‍ 1892 നാടകവും നടക്കും.