മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കാഞ്ഞങ്ങാട്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും പരാതി പരിഹാര അദാലത്ത് നടത്തി. സബ്ബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിലായിരുന്നു അദാലത്ത്. 30 കേസുകളില്‍ 14 എണ്ണം തീര്‍പ്പായി. ബാക്കിയുള്ള കേസുകളില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാത്തതിനാല്‍ അടുത്ത ഹിയറിംഗിലേക്ക് മാറ്റി വെച്ചു. പരിഗണിച്ച കേസുകളില്‍ കൂടുതലും സ്വത്ത് സംബന്ധമായ കേസുകളായിരുന്നു . പരാതിക്കാരില്‍ കൂടുതലും പ്രായമായ അമ്മമാരായിരുന്നു. മക്കള്‍ സ്വത്ത് എഴുതിവാങ്ങുകയും പിന്നീട് സംരക്ഷണം ഉറപ്പാക്കാത്തതുമായ കേസുകളാണ് കൂടുതല്‍ പരിഗണനയ്ക്കു വന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, കാഞ്ഞങ്ങാട് ആര്‍ഡി ഓഫീസ് സൂപ്രണ്ട് കെ. ശ്രീകല, ടെക്നിക്കല്‍ അസിസ്റ്റന്റ് ഷൈലേഷ് കുമാര്‍, സതീശന്‍ മടിക്കൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂള്‍ എന്‍എസ്എസ് വളന്റിയര്‍മ്മാര്‍, കാഞ്ഞങ്ങാട് സിവില്‍ ഡിഫന്‍സ് വളന്റിയര്‍മ്മാര്‍ , സന്നദ് സംഘടനയായ നന്‍മ മരം തുടങ്ങിയവര്‍ സഹകരിച്ചു.
ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് 2007ലാണ് ഇന്ത്യാ ഗവണ്‍മെന്റ് രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം പാസാക്കിയത്. സമ്പത്തിന്റെയും അധികാരത്തിന്റെയും തിരിമറിയലുകള്‍ക്കനുസൃതമായി സാമൂഹ്യ കുടുംബബന്ധങ്ങളില്‍ വന്ന മാറ്റംമൂലം മുതിര്‍ന്ന പൗരന്മാര്‍ ജീവിതസായാഹ്നത്തില്‍ ഏകാന്തതയ്ക്കും സാമ്പത്തികസഹായങ്ങളുടെ അഭാവത്തില്‍ പീഡനങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും ഉപേക്ഷിക്കപ്പെടലിനും വിധേയരാകുന്നു. മുതിര്‍ന്ന പൗരന്മാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. സ്ത്രീ എന്ന നിലയിലും വിധവയും വയോജനവുമെന്ന നിലയിലും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാണ്.
