സര്‍വെയുടെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു
സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വെ ജനകീയ പങ്കാളിത്തതോടെ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വെയുടെ ഭാഗമായി ജനകീയ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും സര്‍വെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ജില്ലാതലം മുതല്‍ പ്രാദേശികതലം വരെ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ഈ കമ്മിറ്റികളെ ഉപയോഗിച്ചായിരിക്കും ഓരോ പ്രദേശത്തും ഡിജിറ്റല്‍ സര്‍വെ ആസൂത്രണവും നടപ്പാക്കലും. ജനകീയ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ജനപ്രതിനിധികളാണെന്നും സാങ്കേതിക കാര്യങ്ങളില്‍ വിദഗ്ധരുടെ ഇടപെടലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മെമ്പര്‍മാര്‍ നഗരസഭ ചെയര്‍മാന്‍മാര്‍ കോര്‍പറേഷന്‍ മേയര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ശില്പശാല ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു മന്ത്രി. ഡിജിറ്റല്‍ റീസര്‍വെ വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും കാലതാമസമില്ലാതെ സര്‍വെ പൂര്‍ത്തിയാക്കുമെന്നും അദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ നടന്ന ശില്‍പശാലയോടെ സംസ്ഥാനത്ത് എല്ലാ ജില്ലയിലും ശില്‍പശാല പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ ഭൂ സര്‍വെയിലൂടെ ഭൂമിയുടെ ക്രയവിക്രയവും പോക്കുവരവും എളുപ്പമാവുമെന്നും പോക്കുവരവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് അവസാനമാവുമെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ നാല് താലൂക്കുകളിലായി 129 വില്ലേജുകളാണ് നിലവിലുള്ളത്. അതില്‍ 23 വില്ലേജുകളുടെ റീസര്‍വെ നടപടികള്‍ പൂര്‍ത്തിയായി.129 വില്ലേജുകളില്‍ ബാക്കി 126 വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വെ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ കൃത്യത ഉറപ്പുവരുത്താനുള്ള ഒരു ജനകീയ ആവശ്യമായി ഡിജിറ്റല്‍ സര്‍വെയെ മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ ശ്രീറാം സാംബശീവറാവും വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നന്ദിയും പറഞ്ഞു.